കർണാടകത്തില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളി

By Web Team  |  First Published Jul 1, 2020, 12:04 AM IST

ആംബുലന്‍സില്‍നിന്നും കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങൾ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണിത്.


ബെല്ലാരി: കർണാടകത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് ആംബുലന്‍സില്‍നിന്നും മൃതദേഹങ്ങൾ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ജില്ലയായ ബെല്ലാരിയില്‍നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ആംബുലന്‍സില്‍നിന്നും കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങൾ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണിത്. പിപിഇ കിറ്റ് ധരിച്ച ആളുകൾ കന്നഡ ഭാഷ സംസാരിക്കുന്നതും വ്യക്തമായി കേൾക്കാം. കുഴികുത്താനായി കൊണ്ടുവന്ന മണ്ണുമാന്ത്രിയന്ത്രങ്ങളും കാണാം.

Latest Videos

undefined

ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ ജില്ലയായ ബെല്ലാരിയിലെ വ്യവസായ മേഖലയോടുചേർന്ന വിജനമായ സ്ഥലത്താണ് സംഭവം നടന്നത്. ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്നത് ഇവിടെയാണ്. ഇവിടെ മൃതദേഹങ്ങൾ സംസ്കാരിക്കുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെ രംഗത്തെത്തിയിരുന്നു. 

മൃതദേഹങ്ങൾ ഇത്തരത്തില്‍ കൈകാര്യം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവർക്ക് നിയമപ്രകാരമുള്ള സംസ്കാരം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രിബി. ശ്രീരാമുലു അന്വേഷണം പ്രഖ്യാപിച്ചു. 

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്കാരം നടന്നതെങ്കില്‍ കർശന നടപടി സ്വീകരിക്കുമെന്നും ബി. ശ്രീരാമലു പറഞ്ഞു. ബെല്ലാരിയില്‍ മാത്രം ഇതുവരെ 23 പേരാണ് കൊവിഡ് ബാധിച്ചുമരിച്ചത്.

click me!