മദ്യപിക്കാൻ വന്ന വയോധികനെ തെറിവിളി, മർദ്ദനം, ബാർ ജീവനക്കാർക്ക് തടവ് ശിക്ഷ

By Web TeamFirst Published Jan 18, 2024, 8:08 AM IST
Highlights

എറണാകുളം ഉദയംപേരൂർ ഏകചക്ര ബാറിലെ ജീവനക്കാരാണ് ഇവർ. മദ്യപിക്കാൻ വന്ന വയോധികനെ അസഭ്യം പറയുകയും വലിച്ചിഴച്ച് ബാറിനു പുറത്താക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ. 

കൊച്ചി: കൊച്ചിയിൽ ബാറിൽ മദ്യപിക്കാൻ വന്ന വയോധികനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവിന് ശിക്ഷ. തിരൂർ സ്വദേശി ഉദിത് മോഹൻ, മുവാറ്റുപുഴ സ്വദേശി സിറിൽ ജോർജ് , തൃശൂർ സ്വദേശി സുനീഷ്, ഉദയംപേരൂർ സ്വദേശി സുരേഷ് എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ അസി. സെഷൻ ജഡ്ജ് രഹന രാജീവ് ശിക്ഷിച്ചത്. എറണാകുളം ഉദയംപേരൂർ ഏകചക്ര ബാറിലെ ജീവനക്കാരാണ് ഇവർ. മദ്യപിക്കാൻ വന്ന വയോധികനെ അസഭ്യം പറയുകയും വലിച്ചിഴച്ച് ബാറിനു പുറത്താക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ. 

സമാനമായ മറ്റൊരു സംഭവത്തിൽ കോട്ടയം പാമ്പാടിയിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. പുളിക്കൽ കവല സ്വദേശി ബിനിൽ മാത്യു , മണിമല സ്വദേശി അരുൺ ടി.എസ്  എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ബാറിൽ എത്തിയ ഇവർ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകൾ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു.

Latest Videos

ഇത് ബാറിലെ ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും ഇവരോട് ഇവിടെനിന്ന് പോകുവാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘംചേര്‍ന്ന് ഇയാളെ മർദ്ദിക്കുകയും കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് സംഭവത്തേ കുറിച്ച് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!