യുവാക്കളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം;  സഹോദരങ്ങള്‍ അറസ്റ്റില്‍

By Web TeamFirst Published Dec 6, 2023, 3:03 PM IST
Highlights

പിടിയിലാകാനുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കായംകുളം സിഐ

കായംകുളം: പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മൂന്നിന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളി പുളിയാണിക്കല്‍ ജംഗ്ഷനു സമീപം റോഡില്‍ വച്ച് ബൈക്കില്‍ വന്ന പുതുപ്പള്ളി ഗോവിന്ദ മുട്ടം സ്വദേശിയായ ജിത്തു ദേവന്‍, സുഹൃത്ത് സുനീഷ് എന്നിവരെ എട്ടോളം വരുന്ന പ്രതികള്‍ തടഞ്ഞു നിര്‍ത്തി കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് രഞ്ജിതും രഞ്ജിയുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലാകാനുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. 

Latest Videos


നഴ്സിംഗിന് അഡ്മിഷന്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് 93 ലക്ഷം തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നഴ്സിംഗിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് വീട്ടില്‍ സഹാലുദ്ദീന്‍ അഹമ്മദ് (26), തിരുവല്ലം നെല്ലിയോട് മേലേ നിരപ്പില്‍ കൃഷ്ണ കൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. 

അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയും ഹീരാ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അഡ്മിഷന്‍ മാനേജരായി ജോലി ചെയ്തിരുന്ന ആളുമാണ് ബീന. പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷന്‍ മെമ്പറായ ഒന്നാം പ്രതിയുടെ സഹായത്തോടെ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പേരില്‍ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും, സര്‍ക്കുലറുകളും മറ്റും അയച്ചാണ് നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. സമാന കേസില്‍ മാവേലിക്കരയിലും എറണാകുളം പുത്തന്‍കുരിശ് സ്റ്റേഷനിലും ബീന നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംഘം നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. 

'വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും': ഇപി ജയരാജന്‍ 
 

tags
click me!