ആഹാ തെറിക്ക് കയ്യടി! അങ്ങനെ അജു യൂട്യൂബിൽ ചെകുത്താനായി; പലതവണ കയ്യടിച്ചവരും പക്ഷെ ഇത്തവണ കയ്യൊഴിഞ്ഞു

By Web Team  |  First Published Aug 10, 2024, 12:21 AM IST

തിരുവല്ലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ചെകുത്താന്‍ എന്ന അജു അലക്സിനെ പൊലീസ് ഇടപ്പളളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു പൊലീസ് നടപടി.
 

Aju Alex Chekuthan who was arrested for taunting Mohanlal who is Chekuthan

തിരുവല്ല: മോഹന്‍ലാലിനെതിരായ അധിക്ഷേപ വീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ചെകുത്താനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ് പൊലീസ്. തിരുവല്ലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ചെകുത്താന്‍ എന്ന അജു അലക്സിനെ പൊലീസ് ഇടപ്പളളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു പൊലീസ് നടപടി.

അറസ്റ്റിന് പിന്നാലെ ആരാണ് ചെകുത്താന്‍ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. പത്തനംതിട്ടക്കാരനായ അജു അലക്സ് എങ്ങനെയാണ് വിവാദ യൂട്യൂബറായ ചെകുത്താന്‍ ആയി മാറിയത് എന്ന് നോക്കാം.  പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് അജു അലക്സ്. അജുവിന്‍റെ ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പേരാണ് യഥാര്‍ഥത്തില്‍ ചെകുത്താൻ.

Latest Videos

ആറ് വര്‍ഷങ്ങള്‍ക്ക് മുന്പാണ് അജു സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ മതങ്ങളേയും മതാചാര്യന്മാരേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു. അജു വിഡിയോകള്‍ ചെയ്തിരുന്നത്. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അജു തന്‍റെ ചാനലിനും അത്തരത്തിലൊരു പേര് വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചെകുത്താന്‍ എന്ന പേര് കണ്ടെത്തുന്നത്. പേര് കേള്‍ക്കുന്പോഴുള്ള ആകാംഷയും ചാനലിന്‍റെ ഉള്ളടക്കവും ചെകുത്താന്‍റെ കാഴ്ചക്കാരെ കൂട്ടി.
 
വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ പച്ചയ്ക്ക് തെറി പറഞ്ഞായിരുന്നു ചെകുത്താന്‍റെ വ്ലോഗുകള്‍. തെറികൾ കോര്‍ത്തിണക്കിയ ട്രോളുകള്‍ ചെകുത്താനെ കുപ്രസിദ്ധനാക്കി. പിന്നീട് സിനിമകളേയും സിനിമാതാരങ്ങളേയും വിമര്‍ശിച്ച് ചെകുത്താന്‍റെ വ്ലോഗുകളെത്തി. മോഹന്‍ ലാലിന്‍റെ അഭിനയവും സിനിമകളും ആയിരുന്നു ചെകുത്താന്‍റെ പ്രധാന ടാര്‍ഗറ്റ്. ഒക്കെയും അസഭ്യവര്‍ഷം. തുടര്‍ച്ചയായി മോഹൻലാൽ ഫാൻസിനെ തെറി പറയാനും ചെകുത്താന്‍ ഉത്സാഹം കാട്ടി. മറ്റു നടീനടന്മാരെക്കുറിച്ചും ചെകുത്താന്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്.

യൂട്യൂബിലൂടെ നടീനടന്മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഇതിന് മുന്പും ചെകുത്താനെതിരെ കേസെടുത്തിട്ടുണ്ട്. നടന്‍ ബാല നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസാണ് അന്ന് കേസെടുത്തത്. ചെകുത്താന്‍റെ വീട്ടില്‍ ബാല എത്തിയതും പിന്നീട് ബാല തന്നെ കൊലപ്പെടുത്താനെത്തി എന്ന് ചെകുത്താന്‍ പരാതിപ്പെട്ടതും നാടകീയ സംഭവങ്ങളായി. മുന്പ് പല തവണ തെറിയഭിഷേകം നടത്തിയിട്ടും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെകുത്താനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഒരു മഹാദുരന്തത്തെ നേരിടുന്പോള്‍ ചെകുത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൈവിട്ടുപോയി എന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. 

മോഹൻലാലിനെതിരെ അധിക്ഷേപം; യുട്യൂബർ ചെകുത്താന് ജാമ്യം നൽകി കോടതി

vuukle one pixel image
click me!
vuukle one pixel image vuukle one pixel image