'ഈട് വേണ്ട, കൊള്ളപ്പലിശ'; ഒളിഞ്ഞിരിക്കുന്ന മൈക്രോ ഫിനാൻസ് ചതി, ചിറ്റൂരിൽ 3 മാസത്തിനിടെ ജീവനൊടുക്കിയത് 4 പേർ

By Web Team  |  First Published Nov 18, 2023, 9:52 AM IST

ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം കയ്യിലെത്തും. എന്നാൽ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും.


ചിറ്റൂർ: പാലക്കാട് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകൾ പെരുകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 4 പേരാണ്. നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെയാണ് പലിശ. അത്യാവശ്യത്തിന് പണമെടുക്കുന്ന സാധാരണക്കാർ അടവ് മുടങ്ങിയാൽ പിന്നീട് വൻ കടക്കെണിയിലാകും.

ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം കയ്യിലെത്തും. എന്നാൽ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും. അസഭ്യം പറച്ചിലും അപമാനവുമായി നിരന്തര ഭീഷണിയെത്തും. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ കഴിഞ്ഞ മൂന്ന്  മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 4 പേരാണ്. 

Latest Videos

undefined

കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്നും 3 ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി. അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശതുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്.

വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്.  സ്ത്രീകളാണ് പലിശ സംഘങ്ങളുടെ ഉന്നം. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകളെ അംഗങ്ങളാക്കി ഒരു ഗ്രൂപ്പ് രൂപീകരിക്കും. ഇവർക്ക് ചെറുതും വലുതുമായ വായ്പകൾ നൽകും. 24 മുതൽ 30 ശതമാനം വരെയാണ് പലിശ. ആഴ്ച തോറും പലിശ നൽകണം. ഒരൊറ്റ അടവ് മുടങ്ങിയാൽ പലിശ സംഘം രാപ്പകലില്ലാതെ വീട്ടുമുറ്റത്തെത്തും. നേരിട്ടും അല്ലാതെയും ഭീഷണിയെത്തുമെന്ന് അനുഭവസ്ഥർ പറയുന്നു.

വീഡിയോ സ്റ്റോറി കാണാം

Read More : എല്ലാ തിങ്കളാഴ്ചയും പണമെത്തും, പതിവ് മുടക്കാതെ അജ്ഞാതൻ; ഈ ഹോട്ടലിൽ ദിവസവും 10 പേർക്ക് ഉച്ചഭക്ഷണം സൗജന്യം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!