പെട്രോൾ പമ്പ് ജീവനക്കാരന്‍റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മോഷണം; പ്രായപൂർത്തിയാകാത്ത ആള്‍ ഉൾപ്പടെ 3 പേർ പിടിയിൽ

By Web Team  |  First Published Nov 21, 2023, 11:34 AM IST

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ സിനിമാ സ്റ്റൈല്‍ മോഷണം. മുളക് പൊടി വിതറിയും മുണ്ട് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയുമാണ് സംഘം അയ്യായിരത്തോളം രൂപയുമായി കടന്ന് കളഞ്ഞത്.


കോഴിക്കോട്: കോഴിക്കോട് മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കിയും പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ സിനിമാ സ്റ്റൈല്‍ മോഷണം. പുലര്‍ച്ചെ രണ്ടരയോടെ പെട്രോള്‍ അടിക്കാനെന്ന വ്യാജേന പമ്പിലെത്തിയ മൂന്ന് പേര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു സംഭവസമയം പമ്പില്‍ ഉണ്ടായിരുന്നത്. മുളക് പൊടി വിതറിയും മുണ്ട് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയുമാണ് സംഘം അയ്യായിരത്തോളം രൂപയുമായി കടന്ന് കളഞ്ഞത്. സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി സാബിത്തലി, അനൂപ് എന്നീ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായത്. വയനാട് സ്വദേശിയായ ഒരാള്‍ കൂടി സംഭവത്തില്‍
പിടിയിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

പിടിയിലായവര്‍ നേരത്തെ കഞ്ചാവ് അടിപിടിക്കേസുകളിലും ഉള്‍പ്പെട്ടവരാണ്. മോഷണ രീതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍  സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. 

click me!