വഴക്കും പ്രശ്നങ്ങളും ആയതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി. ഇക്കാര്യം പെണ്‍കുട്ടി യുവാവിനെ അറിയിച്ചു
ബംഗളുരു: തര്‍ക്കത്തെ തുടര്‍ന്ന് കാമുകിയുടെ കഴുത്തറുത്ത് കൊന്ന 23 വയസുകാരന്‍ വെള്ളിയാഴ്ച അറസ്റ്റിലായി. ഹാസന്‍ സ്വദേശിയായ തേജസ് എന്നയാളാണ് പിടിയിലായത്. അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി ഇയാള്‍ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നു.
കൊല്ലപ്പെട്ട യുവതി പഠിച്ചിരുന്ന അതേ കോളേജില്‍ സീനിയറായി പഠിച്ചിറങ്ങിയ ആളായിരുന്നു പ്രതി. ആറ് മാസമായുള്ള പ്രണയ ബന്ധത്തിനിടെ ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നെന്ന് അടുത്തിടെയാണ് യുവാവ് കണ്ടെത്തിയത്. പിന്നീട് ഇതേച്ചൊല്ലിയും വഴക്കായി. ഈ ബന്ധം തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു പിന്നീട് വഴക്കുണ്ടാക്കിയതെന്ന് സംഭവം അന്വേഷിച്ച ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
undefined
എപ്പോഴും വഴക്കും പ്രശ്നങ്ങളും ആയതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി. ഇക്കാര്യം പെണ്‍കുട്ടി യുവാവിനെ അറിയിക്കുകയും ചെയ്തു. തന്റെ പഴയ ബന്ധം അന്വേഷിച്ച് നടക്കുകയും അതേച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത സംഭവം യുവതിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി ഇക്കാര്യം കാമുകനെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇക്കാര്യം സംസാരിക്കനെന്ന പേരില്‍ വ്യാഴാഴ്ച യുവാവ് പെണ്‍കുട്ടിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് കണ്ടുമുട്ടിയ ശേഷം ബൈക്കില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ശേഷവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ യുവാവ് കൈയില്‍ കരുതിയിരുന്ന ഒരു കത്തിയെടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴുത്തറുത്ത ഉടന്‍ കാമുകിയെ അവിടെ ഉപേക്ഷിച്ച ശേഷം യുവാവ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് ആ സമയത്തുണ്ടായിരുന്ന ഏതാനും പേര്‍ ഓടിയെത്തി യുവതിയെ ആടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ കണ്ടെത്താനായി അന്നു മുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പിടികൂടാനായത്.