അടിച്ച് മാറ്റിയ ചെക്ക് ലീഫുപയോഗിച്ച് സ്വകാര്യ കമ്പനിയുടെ പണം തട്ടി, വൈക്കത്ത് 21കാരന്‍ അറസ്റ്റിൽ

By Web Team  |  First Published Dec 17, 2023, 8:50 AM IST

ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്


വൈക്കം: കോട്ടയം വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പിടിയിലായത് തകഴി സ്വദേശി ഡെന്നിസ് എന്ന 21കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെക്ക് ലീഫ് കൊണ്ട് ഇയാൾ ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരുന്നു. ആലപ്പുഴയിലെ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു എസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

ഡെന്നിസ് ഇത് ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായതിന് പിന്നാലെ സ്ഥാപനമുടമയുടെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതും പിടികൂടിയതും. വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഓ അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപ്പുവിന് കൊല്ലം ഈസ്റ്റ്, പുനലൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Latest Videos

undefined

നവംബർ മാസത്തിൽ സമാനമായ മറ്റൊരു സംഭവത്തിൽ കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയിലായിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കോയമ്പത്തൂര്‍ സ്വദേശിയായ പ്രതി സര്‍വ്വേശിനെ പിടികൂടിയത്. കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഉടമയും പെരിന്തല്‍മണ്ണ സ്വദേശിയുമായ പ്രമുഖ വ്യവസായി മുഹമ്മദ് അബ്ദുള്‍ കരീം ഫൈസലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പ്രതി പണം തട്ടിയത്. ചെക്ക് ഉപയോഗിച്ച് ബാങ്കിന്‍റെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്ന് രണ്ട് തവണയായി ഒരു കോടി എഴുപത്തെട്ട് ലക്ഷം രൂപ പ്രതി സര്‍വ്വേശ് തട്ടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!