ഒടുവില്‍ ഇന്ത്യ നാലാം നമ്പറിലെ താരത്തെ കണ്ടെത്തിയെന്ന് യുവ്‍രാജ് സിംഗ്

By Web Team  |  First Published Jul 2, 2019, 10:30 PM IST

2019 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഏറെനാളായി തലവേദനയായിരുന്നു ഒരു കാര്യത്തിന് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് യുവ്‍രാജ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാറ്റിംഗിലെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ഒടുവില്‍ താരത്തെ കണ്ടെത്തിയെന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്


ബര്‍മിംഗ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവ്‍രാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവ്‍രാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 

40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ട്വന്‍റി 20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്‍റിന്‍റെ താരം.

Latest Videos

undefined

ഇപ്പോള്‍ 2019 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഏറെനാളായി തലവേദനയായിരുന്നു ഒരു കാര്യത്തിന് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് യുവ്‍രാജ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാറ്റിംഗിലെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ഒടുവില്‍ താരത്തെ കണ്ടെത്തിയെന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്.

ലോകകപ്പില്‍ രണ്ടാം മത്സരത്തിന് മാത്രം ഇറങ്ങിയ ഋഷഭ് പന്തിലാണ് ഇന്ത്യയുടെ ഭാവി നാലാം നമ്പര്‍ ബാറ്റ്സ്മാനെ യുവി കാണുന്നത്. ഋഷഭിനെ കൃത്യമായി സജ്ജനാക്കിയെടുക്കണമെന്നും യുവി പറഞ്ഞു. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മിന്നുന്ന പ്രകടനമാണ് പന്തിനെ യുവിയുടെ പ്രിയങ്കരനാക്കിയത്.

I think finally we have found our no 4 batsman for the future ! Let’s groom him properly yeah !

— yuvraj singh (@YUVSTRONG12)

മത്സരത്തില്‍ 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ ഋഷഭ് 48 റണ്‍സാണ് നേടിയത്. അതിവേഗം റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യന്‍ മധ്യനിര വിയര്‍ക്കുന്നത് അടുത്ത കാലത്ത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍, പന്തിന്‍റെ വെടിക്കെട്ട് അതിനെല്ലാം പരിഹാരമാകുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. 

click me!