ഇംഗ്ലണ്ടിന്‍റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക. റൂട്ട് രണ്ട് തവണയും ജേസൺ റോയിയും ബെയ്ർസ്റ്റോയും മോർഗനും ഓരോ തവണയും സെഞ്ചുറി നേടിക്കഴിഞ്ഞു.
ലണ്ടന്‍: ലോകകപ്പിൽ ഇംഗ്ളണ്ട് ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്ന് മുതൽ ലീഡ്സിലാണ് മത്സരം. സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്‍റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക. ബെയ്ർസ്റ്റോ, ജോ റൂട്ട്, മോർഗൻ, സ്റ്റോക്സ്, ബട്‍ലർ. ക്രീസിലെത്തിയാലുടൻ കൂറ്റൻ ഷോട്ടുകളുതിർക്കുന്ന ഇവരെ എല്ലാവരെയും പേടിക്കണം.
റൂട്ട് രണ്ട് തവണയും ജേസൺ റോയിയും ബെയ്ർസ്റ്റോയും മോർഗനും ഓരോ തവണയും സെഞ്ചുറി നേടിക്കഴിഞ്ഞു. പരുക്കേറ്റ ജേസൺ കളിക്കുന്നില്ലെന്നത് മാത്രമാണ് ലങ്കയ്ക്ക് ആശ്വസിക്കാനുള്ളു. ഇതുകൊണ്ട് തന്നെയാണ് ഇംഗ്ലണ്ടിനെ മുന്നൂറ് റൺസിൽ താഴെ പിടിച്ചുകെട്ടുകയാണ് ലങ്കയുടെ ആദ്യ ലക്ഷ്യമെന്ന് നായകൻ ദിമുത് കരുണരത്നെ തുറന്നുപറഞ്ഞത്.
മലിംഗയുടെ പന്തുകൾക്ക് പഴയ മൂർച്ചയില്ല. ഏഞ്ചലോ മാത്യൂസും കുശാൽ പെരേരയും പഴയഫോമിന്‍റെ നിഴലുകൾ മാത്രം. ഈ മോശാവസ്ഥയിലേക്കാണ് ജോഫ്രാ ആർച്ചർ അതിവേഗ പന്തുകൾ തൊടുക്കുന്നത്. സെമിഫൈനലിന് തൊട്ടരികെ നില്‍ക്കുന്ന ഇംഗ്ളണ്ടിന് നിലവിലെ സാഹചര്യം അനുകൂലമാണ്. ലോകകപ്പിൽ ഇതപവരെ ഇരുടീമുകളും പത്തുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ആറിൽ ഇംഗ്ലണ്ടും നാലിൽ ലങ്കയും ജയിച്ചു. ഇന്നത്തെ മത്സരം എങ്ങനെയാകുമെന്ന് കണ്ടറിയാം.