ബംഗ്ലാദേശ് നിരയില്‍ അവരിപ്പോഴും ഫോമിലാണ്; ഇന്ത്യന്‍ ആരാധകരുടെ പേടിയും ആ സംഘം തന്നെ

By Web Team  |  First Published Jul 2, 2019, 2:34 PM IST

2007 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ആരാധകര്‍ മറന്നുകാണില്ല. രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് മടങ്ങിയ ലോകകപ്പ്. അന്ന് രണ്ട് തോല്‍വികളില്‍ ഒരെണ്ണം ബംഗ്ലാദേശിനോടായിരുന്നു.


ബിര്‍മിംഗ്ഹാം: 2007 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ആരാധകര്‍ മറന്നുകാണില്ല. രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് മടങ്ങിയ ലോകകപ്പ്. അന്ന് രണ്ട് തോല്‍വികളില്‍ ഒരെണ്ണം ബംഗ്ലാദേശിനോടായിരുന്നു. 2007ല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച ധോണിയും ദിനേഷ് കാര്‍ത്തികും മാത്രമാണ് ഇന്ന് ടീമിനൊപ്പമുള്ളത്. എന്നാല്‍ ബംഗ്ലാ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച നാല് പേര്‍ ഇന്നും കളിക്കുന്നുണ്ട്.

ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, തമീം ഇഖ്ബാല്‍, മഷ്‌റഫി മൊര്‍ത്താസ എന്നിവരാണ് ആ താരങ്ങള്‍. ഇന്ത്യക്കെതിരെ ഫീല്‍ഡിങ് ആരംഭിച്ച ബംഗ്ലാ ടീമില്‍ മൊര്‍ത്താസ ഒഴികെ മൂവരും മികച്ച ഫോമിലാണ്. ഇന്ത്യന്‍ ആരാധകര്‍ പേടിക്കുന്നതും ഈ മൂവര്‍ സംഘത്തെയാണ്.

Latest Videos

undefined

അന്ന് ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ 191ന് എല്ലാവരും പുറത്താവുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒമ്പത് പന്ത് ബാക്കി നില്‍ക്കെ വിജയം പൂര്‍ത്തിയാക്കി. ഓപ്പണറായി ഇറങ്ങിയ തമീം ഇഖ്ബാല്‍ (51) മികച്ച തുടക്കം നല്‍കി. മൂന്നാമനായി ഇറങ്ങിയ മുഷ്ഫിഖര്‍ (56) ബംഗ്ലാ ഇന്നിങ്‌സിന്റെ നട്ടെല്ലായി. എന്നാല്‍ വിജയം എളുപ്പമാക്കിയത് ഷാക്കിബ് നേടിയ 53 റണ്‍സായിരുന്നു.

അന്ന് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത് മൊര്‍ത്താസയുടെ തകര്‍പ്പന്‍ ബൗളിങ്ങായിരുന്നു. 9.3 ഓവര്‍ എറിഞ്ഞ മൊര്‍ത്താസ 38 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് നേടി. അന്നത്തെ പ്രകടനം ഒരിക്കല്‍കൂടി ബംഗ്ലാ താരങ്ങള്‍ക്ക് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ പ്രതീക്ഷകളും തകിടം മറയും.

click me!