ലങ്കയെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്; ദക്ഷിണാഫ്രിക്കയുടേത് വൈകി വന്ന ജയം

By Web Team  |  First Published Jun 28, 2019, 10:26 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203ന് എല്ലാവരും പുറത്തായി.


ഡര്‍ഹാം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 37.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഫാഫ് ഡു പ്ലെസിസ് (96), ഹാഷിം അംല (80) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. 

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (15) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ലസിത് മലിംഗയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഒത്തുച്ചേര്‍ന്ന അംല- ഫാഫ് സഖ്യം ജയം എളുപ്പമാക്കി. 10 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിങ്‌സ്. അംലയുടെ ഇന്നിങ്‌സില്‍ അഞ്ച് ഫോറുകളുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഡ്വെയ്ന്‍ പ്രെട്ടോറ്യൂസും ക്രിസ് മോറിസുമാണ് ലങ്കയെ തകര്‍ത്തത്. 30 റണ്‍സ് നേടിയ കുശാല്‍ പെരേരയും ആവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. 

Latest Videos

undefined

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ദിമുത് കരുണാരത്‌നെ (0)യെ റബാദ മടക്കി. പിന്നാലെ കുശാല്‍ പെരേര- ഫെര്‍ണാണ്ടോ സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രെട്ടോറ്യൂസ് കൂട്ടുക്കെട്ട് പൊളിച്ചു. പിന്നീട് മധ്യനിരയില്‍ ഒരു മികച്ച കൂട്ടുക്കെട്ട് പോലും പടുത്തുയര്‍ത്താന്‍ ലങ്കന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 

കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡിസില്‍വ (24), ജീവന്‍ മെന്‍ഡിസ് (18), തിസാര പെരേര (21), ഇസുരു ഉഡാന (17), ലസിത് മലിംഗ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സുരംഗ ലക്മല്‍ (5) പുറത്താവാതെ നിന്നു. പ്രെട്ടോറ്യൂസിനും മോറിസിനും പുറമെ കഗിസോ റബാദ രണ്ടും ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജെ.പി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ലങ്കയ്ക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി സാധ്യതകള്‍ സജീവമാക്കാമായിരുന്നു. ഇപ്പോള്‍ ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ശ്രീലങ്കയ്ക്കുള്ളത്.

click me!