വിവാദ ഓവര്‍ ത്രോ: ധര്‍മ്മസേനയ്‌ക്കെതിരെ സൈമണ്‍ ടോഫല്‍ രംഗത്ത്

By Web Team  |  First Published Jul 15, 2019, 2:56 PM IST

അംപയറിംഗ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍


ലോര്‍ഡ്‌സ്: ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മ്മസേനയുടെ തീരുമാനം വിവാദമായിരുന്നു. വിവാദം കൊഴുക്കുന്നതിനിടെ അംപയറിംഗ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ രംഗത്തെത്തി. 

Latest Videos

undefined

ഇംഗ്ലണ്ട് ഇന്നിംഗ്സിൽ അൻപതാം ഓവറിലെ നാലാം പന്താണ് കളിയിൽ വഴിത്തിരിവായത്. ട്രെന്‍റ് ബോൾട്ട് നാലാം പന്തെറിയുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ ഒൻപത് റൺസ്. റണ്ണൗട്ടാക്കാനുള്ള ഗപ്റ്റിലിന്‍റെ ത്രോ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോൾ ഇംഗ്ലണ്ടിന് കിട്ടിയത് ആറ് റൺസ്. 

ഇത് കളിയുടെ ഗതിമാറ്റുകയും കിവീസിന്‍റെ ജയപ്രതീക്ഷ തട്ടിയകറ്റുകയും ചെയ്തു. ഒടുവില്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവര്‍ സമനിലയിലേക്കും ലോര്‍ഡ്‌സിലെ ഭാഗ്യത്തണലില്‍ ഇംഗ്ലണ്ടിന്‍റെ ജയത്തിലേക്കും എത്തിച്ചു. ഗപ്‌‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ചത് അംപയറുടെ പിഴവാണെന്ന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

ആറ് റണ്‍സ് അനുവദിച്ചത് വലിയ പിഴവാണ് എന്നാണ് ടോഫലിന്‍റെ വാക്കുകള്‍. ഗപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ പരസ്‌പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അതിനാല്‍ അഞ്ച് റണ്‍സ് അനുവദിക്കാനേ നിയമമുള്ളൂ എന്നും ടോഫല്‍ വ്യക്തമാക്കി. സെമിയില്‍ ജാസന്‍ റോയ്‌യെ തെറ്റായ ഔട്ട് വിധിച്ചും ധര്‍മ്മസേന വിവാദം സൃഷ്ടിച്ചിരുന്നു.

click me!