ക്രിക്കറ്റ് ലോകം കോലിയെ അഭിനന്ദിക്കുമ്പോള്‍ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലീഷ് താരം. കാണികളോട് കൂവല്‍ നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ കോലിക്ക് അവകാശമില്ല എന്നാണ് മുന്‍ താരം വാദിക്കുന്നത്.
ലണ്ടന്‍: ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ കൂവിയ ആരാധകരെ ശാന്തരാക്കിയ വിരാട് കോലിക്ക് ക്രിക്കറ്റ് ലോകത്ത് വലിയ കയ്യടിയാണ് ലഭിക്കുന്നത്. കോലിയുടെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ അഭിമാനമുയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോലി തിളങ്ങി നില്‍ക്കുമ്പോള്‍ സംഭവത്തില്‍ ഇന്ത്യന്‍ നായകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം നിക്ക് കോമ്പ്‌ടണ്‍.
കാണികളോട് കൂവല്‍ നിര്‍ത്താനും സ്‌മിത്തിനായി കയ്യടിക്കാനും പറയാന്‍ കോലിക്ക് അവകാശമില്ല എന്ന് ട്വിറ്റര്‍ വീഡിയോയില്‍ നിക്ക് കോമ്പ്‌ടണ്‍ വ്യക്തമാക്കി.
I don’t think Virat Kohli had any right to tell fans to stop booing at Warner and Smith but rather clap them.. found it rather condescending if truth be told! pic.twitter.com/yUnxdki9Wk
— Nick Compton (@thecompdog)
undefined
ഓവലില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെ ബൗണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യവേയാണ് സ്‌മിത്തിനെ കാണികള്‍ കൂവിയത്. എന്നാല്‍ പിന്നാലെ കാണികള്‍ക്ക് നേരെ തിരിഞ്ഞുനിന്ന് കൂവല്‍ നിര്‍ത്താനും കയ്യടിക്കാനും കോലി ആവശ്യപ്പെട്ടു. കളിക്കിടെ സ്‌മിത്തിന് കൈ കൊടുക്കുകയും മത്സരത്തിന് ശേഷം കാണികളുടെ പ്രതികരണത്തില്‍ മാപ്പ് പറയുകയും ചെയ്‌തിരുന്നു കോലി.
കോലിക്കൊപ്പം സമകാലിക ക്രിക്കറ്റിലെ മാസ്റ്ററായി വിലയിരുത്തപ്പെടുന്ന താരമാണ് സ്‌മിത്ത്. കോലിയുടെ മാന്യമായ പെരുമാറ്റത്തിന് കയ്യടിച്ച് ഇതിഹാസ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.