ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ തകര്‍പ്പന്‍ തുടക്കം മുതലാക്കാനാവാതെ ഇംഗ്ലണ്ട്. ഡര്‍ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് നേടിയത്.
ഡര്‍ഹാം: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ തകര്‍പ്പന്‍ തുടക്കം മുതലാക്കാനാവാതെ ഇംഗ്ലണ്ട്. ഡര്‍ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് നേടിയത്. ജോണി ബെയര്‍സ്‌റ്റോയുടെ (106) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ് നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
30 ഓവര്‍ വരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മധ്യനിര താരങ്ങള്‍ കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പൊതുതാന്‍ പോലും സാധിക്കാതെ ബാറ്റ് താഴ്ത്തി. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇംഗ്ലണ്ടിന് നേടാമായിരുന്നു. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്. ബെയര്‍സ്‌റ്റോയ്ക്ക് പുറമെ ജേസണ്‍ റോയ് 60 റണ്‍സ് നേടി. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ (41) മാത്രമാണ് തിളങ്ങിയത്.
ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), ആദില്‍ റഷീദ് (16) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ലിയാം പ്ലങ്കറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ പ്രവേശിക്കാം. പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാവും. പിന്നെ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാല്‍ മാത്രമെ സെമിയില്‍ കയറാന്‍ സാധിക്കൂ.