ന്യൂസിലന്‍ഡിനെതിരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ട് ഓസ്‌ട്രേലിയ. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി.
ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ട് ഓസ്‌ട്രേലിയ. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. കിവീസിനായി ട്രന്റ് ബോള്‍ട്ട് ഹാട്രിക് വിക്കറ്റ് പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ 92ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. ഉസ്മാന്‍ ഖവാജ (88), അലക്‌സ് ക്യാരി (71) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഓസീസിന്റെ രക്ഷയ്‌ക്കെത്തിയത്. ബോള്‍ട്ടിന്റെ മൂന്ന് വിക്കറ്റിന് പുറമെ ലോക്കി ഫെര്‍ഗൂസണ്‍, ജയിംസ് നീഷാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഡേവിഡ് വാര്‍ണര്‍ (16), ആരോണ്‍ ഫിഞ്ച് (8), സ്റ്റീവന്‍ സ്മിത്ത് (5), മാര്‍കസ് സ്റ്റോയിനിസ് (21), ഗ്ലെന്‍ മാക്‌സവെല്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (0), ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 92ന് അഞ്ച് എന്ന നിലയില്‍ നിന്ന് ഖവാജ- ക്യാരി സഖ്യം നേടിയ 107 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഓസീസിന് തുണയായത്. 11 ഫോര്‍ അടങ്ങുന്നതായിരുന്നു ക്യാരിയുടെ ഇന്നിങ്‌സ്. ഖവാജ അഞ്ച് ഫോറുകള്‍ കണ്ടെത്തി. പാറ്റ് കമ്മിന്‍സ് (23), നഥാന്‍ ലിയോണ്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഖവാജ, സ്റ്റാര്‍ക്ക്, ബെഹ്രന്‍ഡോര്‍ഫ് എന്നിവരെ പുറത്താക്കിയാണ് ബോള്‍ട്ട് ഹാട്രിക് നേടിയത്.
ഇന്ന് ജയിച്ചാല്‍ കിവീസിന് സെമിയില്‍ സ്ഥാനം ഉറപ്പിക്കാം. ഓസ്‌ട്രേലിയ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.