ലോകകപ്പിലെ രോഹിത്തിന്‍റെ മിന്നും ഫോം കണ്ട് മനംമയങ്ങിയവരില്‍ ഒരു പാക് ഇതിഹാസവുമുണ്ട്.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വിസ്‌മയ ഫോം തുടരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇതിനകം അഞ്ച് സെഞ്ചുറികള്‍ നേടിയ ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരെയും ശതകം കാത്തിരിക്കുകയാണ് ആരാധകര്‍. രോഹിത്തിന്‍റെ ഈ ഫോം കണ്ട് മനംമയങ്ങിയവരില്‍ ഒരു പാക് ഇതിഹാസവുമുണ്ട്. രോഹിത്തിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം മുഷ്‌താഖ് മുഹമ്മദ് രംഗത്തെത്തി.
'വിസ്‌മയ താരമാണ് രോഹിത് ശര്‍മ്മ. തന്നെയും സഹോദരന്‍മാരെക്കാളും മികച്ച താരമാണയാള്‍, അതൊരു സത്യമാണ്. ടെക്‌നിക്കും ഷോട്ട് സെലക്‌ഷനും അക്രമണോത്സുകതയും ചേരുന്നതാണ് ഹിറ്റ്‌മാനെന്നും' ടൈംസ് ഓഫ് ഇന്ത്യയോട് മുഷ്‌താഖ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍റെ റെക്കോര്‍ഡ് 40 വര്‍ഷം(1961-2001) വരെ നിലനിര്‍ത്തിയ താരമാണ് മുഷ്‌താഖ് മുഹമ്മദ്.
ഈ ലോകകപ്പില്‍ 647 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നിലാണ് രോഹിത്. ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ 27 റണ്‍സ് കൂടി മതി രോഹിത്തിന്. സച്ചിന്‍ 2003 ലോകകപ്പില്‍ 673 റണ്‍സ് നേടിയിരുന്നു. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ശതകങ്ങള്‍ നേടിയ സച്ചിന്‍റെ റെക്കോര്‍ഡും രോഹിത് തകര്‍ക്കും. ആറ് സെഞ്ചുറിയുമായി സച്ചിനൊപ്പമാണ് രോഹിതിപ്പോള്‍.