കുല്‍ദീപിനെയും ചാഹലിനെയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഓസ്ട്രേലിയന്‍ താരം.
മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ അവസാന ഘട്ടത്തില്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അപകടകാരികളാകുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്ക് ഹസി. പിച്ച് കൂടുതല്‍ ഡ്രൈ ആവുന്നതാണ് ഇതിന് കാരണമെന്നും ഹസി വ്യക്തമാക്കി.
ഇന്ത്യന്‍ ടീം വളരെ സന്തുലിതമാണ്. പിച്ചുകള്‍ ഡ്രൈ ആവുന്നതോടെ സ്‌പിന്നര്‍മാരെ ടീമിന് നന്നായി ഉപയോഗിക്കാനാകും. അതാണ് മറ്റ് ടീമുകളേക്കാള്‍ ഇന്ത്യയുടെ കരുത്ത്. മാച്ച് വിന്നേഴ്‌സായ രണ്ട് സ്‌പിന്നര്‍മാര്‍ ഇന്ത്യക്കുണ്ട്, കുല്‍ദീപും ചാഹലും. ഓരേ മേഖലയിലും ഇന്ത്യക്ക് കരുത്തുറ്റ താരങ്ങളുണ്ട്. അതിനാല്‍ ടീം സെമിയും ഫൈനലും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈക്ക് ഹസി പറഞ്ഞു.
ചാഹല്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റും കുല്‍ദീപ് മൂന്ന് വിക്കറ്റുമാണ് നേടിയത്. ലോകകപ്പില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കുല്‍ദീപ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. വരും മത്സരങ്ങളില്‍ ഇരുവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് ഹസിയുടേത്.