ഏറെ നേരം ഫീല്‍ഡ് അംപയര്‍മാരുമായി താരം തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു
മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് സെമിയില്‍ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതിഷേധിച്ച ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്‌ക്ക് മാച്ച് ഫീയുടെ 30 ശതമാനം പിഴ. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം റോയ് ചെയ്‌തെന്ന് കണ്ടെത്തിയ മാച്ച് റഫറി രണ്ട് ഡീമെറിറ്റ് പോയിന്‍റും വിധിച്ചിട്ടുണ്ട്.
സെഞ്ചുറിയിലേക്ക് കുതിക്കവെ അംപയറുടെ തെറ്റായ തീരുമാനത്തില്‍ ജാസന്‍ റോയ് പുറത്താവുകയായിരുന്നു. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയ്‌യുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ അപ്പീലില്‍ അംപയര്‍ കുമാര്‍ ധര്‍മ്മസേന ഔട്ട് വിധിച്ചു.
ഇതോടെ റോയ് ധര്‍മ്മസേനയുടെ അടുത്തെത്തി പ്രതിഷേധം അറിയിച്ചു. ഏറെ നേരം ഫീല്‍ഡ് അംപയര്‍മാരുമായി താരം തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ് നേടിയത്.