ടീം ഇന്ത്യയുടെ ഓറഞ്ച് ജേഴ്സി വിവാദത്തില്‍ പ്രതികരണവുമായി ബൗളിംഗ് കോച്ച്

By Web Team  |  First Published Jun 27, 2019, 5:35 PM IST

സത്യസന്ധമായി പറഞ്ഞാല്‍ ഏത് നിറത്തിലുള്ള ജേഴ്സിയാണ് ധരിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ്.


ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്‌സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ ഉയര്‍ന്ന വിവാദത്തോട് പ്രതികരിച്ച് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭരത് അരുണ്‍ ജേഴ്സി വിവാദത്തില്‍ മനസുതുറന്നത്.

സത്യസന്ധമായി പറഞ്ഞാല്‍ ഏത് നിറത്തിലുള്ള ജേഴ്സിയാണ് ധരിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ്. ഏത് നിറത്തിലുള്ള ജേഴ്സിയാണ് ലഭിക്കാന്‍ പോകുന്നത് എന്നും ഞങ്ങള്‍ക്ക് അറിയില്ല. നീലയാണ് നമ്മുടെ നിറം. അതുകൊണ്ടുതന്നെ നീലയ്ക്ക് തന്നെയാവും പുതിയ ജേഴ്സിയിലും മുന്‍തൂക്കം-ഭരത് അരുണ്‍ പറഞ്ഞു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ ലോകകപ്പിലെ രണ്ടാം ജേഴ്സിയായ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുക. ജേഴ്സി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Latest Videos

undefined

ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്സികള്‍ വേണമെന്നാണ് ഐസിസിയുടെ നിബന്ധന. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങാന്‍ ടീം ഇന്ത്യ തീരുമാനമെടുത്തത്. ഓറഞ്ച് ജേഴ്സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും.

എന്നാല്‍ ടീം ഇന്ത്യയുടെ ജേഴ്സിയുടെ നിറം കാവിയാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്-എസ് പി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിക്ക്  ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നും എസ് പി  നേതാവും എംഎല്‍എയുമായ അബു അസിം അസ്മി ആരോപിച്ചിരുന്നു. ഓറഞ്ചിന് പകരം ജേഴ്‌സിക്ക് ത്രിവര്‍ണ നിറം തെരഞ്ഞെടുക്കാമായിരുന്നുവെന്നും അബു അസിം അസ്മി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയായ നസീം ഖാനും ഓറഞ്ച് നിറം ജേഴ്‌സിക്ക് തെരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

click me!