ഇതിഹാസങ്ങളെ പിന്നിലാക്കി ആ ചരിത്രനേട്ടവും സ്വന്തമാക്കി കോലി

By Web Team  |  First Published Jun 27, 2019, 5:15 PM IST

ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലുമായി 417 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 20000 റണ്‍സ് പിന്നിട്ടത്. 453 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു സച്ചിനും ലാറയും 20000 രാജ്യാന്തര റണ്‍സെന്ന നേട്ടം പിന്നിട്ടത്. 


ലണ്ടന്‍:റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. പിന്നിലാക്കിയതാകട്ടെ മഹാരഥന്‍മാരായാ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ബ്രയാന്‍ ലാറയെയും. ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 37 റണ്‍സ് നേടിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി.

ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലുമായി 417 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 20000 റണ്‍സ് പിന്നിട്ടത്. 453 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു സച്ചിനും ലാറയും 20000 രാജ്യാന്തര റണ്‍സെന്ന നേട്ടത്തിലെത്തിയത്. 468 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്സ്മാനാണ് കോലി. സച്ചിനും(34,357 റണ്‍സ്)ദ്രാവിഡിനും(24,208) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനും.

Latest Videos

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 18 റണ്‍സെടുത്ത് പുറത്തായ കോലി ഓസ്ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം അഫ്ഗാനെതിരെ 67ഉം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. ലോകകപ്പിനിടെ ഏകദിനത്തില്‍ കോലി 11,000 റണ്‍സ് ക്ലബിലും എത്തിയിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ കോലി മറികടന്നതും സച്ചിനെയാണ്. 11000 റണ്‍സെടുക്കാന്‍ സച്ചിന് 276 ഇന്നിംഗ്സ് വേണ്ടിവന്നപ്പോള്‍ 222-ാം ഇന്നിംഗ്സില്‍ കോലി ഈ നേട്ടം സ്വന്തമാക്കി.

click me!