ജസ്പ്രീത് ബൂമ്രയുടെ പന്തില്‍ ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ ധോണി പറന്നു പിടിച്ചതോടെ അതുവരെയുള്ള പിഴവുകള്‍ക്കെല്ലാം പ്രായശ്ചിത്തമായി
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ആധികാരികമായി കീഴടക്കി സെമി ഫൈനല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചപ്പോള്‍ വിക്കറ്റിന് പിന്നിലും മുന്നിലും ശ്രദ്ധാകേന്ദ്രമായത് എംഎസ് ധോണിയായിരുന്നു. ബാറ്റിംഗിലെ മെല്ലെപ്പോക്കിന് അവസാന ഓവര്‍ ഫിനിഷിംഗിലൂടെ മറുപടി നല്‍കിയ ധോണി വിക്കറ്റിന് പിന്നില്‍ തുടക്കത്തില്‍ ശരാശരി നിലവാരം മാത്രമാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ നിക്കോളാസ് പൂരനെ സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്ടമാക്കുകയും നിരവധി ബൈ റണ്ണുകള്‍ വഴങ്ങുകയും ചെയ്തു.
എന്നാല്‍ ജസ്പ്രീത് ബൂമ്രയുടെ പന്തില്‍ ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ ധോണി പറന്നു പിടിച്ചതോടെ അതുവരെയുള്ള പിഴവുകള്‍ക്കെല്ലാം പ്രായശ്ചിത്തമായി. ധോണി വലത്തോട്ട് ഡൈവ് ചെയ്തെടുത്ത ക്യാച്ചിന് സമാനമായി ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദും ഒരു ക്യാച്ചെടുത്തിരുന്നു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ റോസ് ടെയ്‌ലറെയാണ് സര്‍ഫ്രാസ് പറന്നു പിടിച്ചത്.
Dive and conquer, who did it better? pic.twitter.com/5Ln2DjgalG
— ICC (@ICC)
ഇരുവരുടെയും ക്യാച്ചുകളുടെ വീഡിയോ പങ്കുവെച്ച് ഐസിസി തന്നെ ആരാധകരോട് ചോദിക്കുന്നത് ഇവരില്‍ ആരുടെ ക്യാച്ചാണ് കേമം എന്നാണ്. എന്നാല്‍ ക്യാച്ചെടുത്തശേഷം ധോണി പെട്ടെന്ന് തന്നെ എഴുന്നേല്‍ക്കുന്നതും സര്‍ഫ്രാസ് അല്‍പസമയം വീണിടത്തു കിടക്കുന്നതും ചൂണ്ടിക്കാട്ടി ഇരുവരുടെയും ഫിറ്റ്നെസിനെക്കുറിച്ചാണ് ആരാധകര്‍ ഭൂരിഭാഗവും അഭിപ്രായം പറയുന്നത്. 37കാരനായ ധോണിക്ക് സര്‍ഫ്രാസിനെക്കാള്‍ ഫിറ്റ്നെസുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും ക്യാച്ച് ഒരുപോലെ മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.