ഇനി മലിംഗയുടെ മുന്നിലുള്ളത് 55 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ വസിം അക്രവും 68 വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകള്‍ സ്വന്തമായുള്ള ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തുമാണ്.
ലീഡ്സ്: ശ്രീലങ്കയുടെ ലസിത് മലിംഗയ്ക്ക് അമ്പതാം ലോകകപ്പ് വിക്കറ്റ്. 25 ഇന്നിംഗ്സുകളില്‍ നിന്നാണ് മലിംഗയുടെ നേട്ടം. ഇംഗ്ലണ്ടിന്റെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തി കൊണ്ടാണ് മലിംഗയുടെ ഈ നേട്ടം. മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്തെത്താനും മലിംഗക്കായി. 49 വിക്കറ്റുകള്‍ സ്വന്തമായുണ്ടായിരുന്ന ശ്രീലങ്കയുടെ തന്നെ ചാമിന്ദ വാസിനെയാണ് മലിംഗ മറികടന്നത്.
ഇനി മുന്നിലുള്ളത് 55 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ വസിം അക്രവും 68 വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകള്‍ സ്വന്തമായുള്ള ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തുമാണ്. ഇപ്പോഴത്തെ ഫോമില്‍ വസിം അക്രത്തിന്റെ റെക്കോഡ് മറികടക്കാന്‍ ആറു വിക്കറ്റുകള്‍ കൂടി വേണം. 36 മത്സരങ്ങളില്‍ നിന്നാണ് ആക്രം 55 വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഈ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ജവഗല്‍ ശ്രീനാഥ് (44) ആറാം സ്ഥാനത്തും സഹീര്‍ഖാന്‍ (44) ഏഴാം സ്ഥാനത്തുമുണ്ട്. 21-ാം സ്ഥാനത്ത് അനില്‍ കുംബ്ലെയും 28-ാമത് കപില്‍ദേവുമുണ്ട്. ഇംഗ്ലീഷ് ഓപ്പണറും മിന്നുന്ന ഫോമിലുള്ള ബാറ്റ്‌സ്മാനുമായ ജോണി ബയര്‍സ്‌റ്റോയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഗോള്‍ഡന്‍ ഡക്കാക്കിയാണ് മലിംഗ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിടുന്നത്. പിന്നീട് ജയിംസ് വിന്‍സി (14)നെയും ജോ റൂട്ടിനെയും (57) ജോസ് ബട്‌ലറെയും (10) പുറത്താക്കിയാണ് മലിംഗ ടോപ് ഗിയറിലായത്.