ധവാന്റെ പകരക്കാരനാവേണ്ടത് ഋഷഭ് പന്ത് അല്ല; സര്‍പ്രൈസ് ചോയ്സുമായി കപില്‍ ദേവ്

By Web Team  |  First Published Jun 12, 2019, 1:31 PM IST

ലോകകപ്പ് കളിച്ച അനുഭവസമ്പത്തും ഓപ്പണറായും മധ്യനിരയിലും കളിപ്പിക്കാമെന്നതും രഹാനെക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും കപില്‍ പറഞ്ഞു. എന്നാല്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയി ഋഷഭ് പന്തിനെയാണ് ബിസിസിഐ ലണ്ടനിലേക്ക് അയച്ചിരിക്കുന്നത്.


ദില്ലി:ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക് സര്‍പ്രൈസ് ചോയ്സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്. ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെക്കാളും അംബാട്ടി റായുഡുവിനേക്കാളും അനുയോജ്യന്‍ അജിങ്ക്യാ രഹാനെ തന്നെയാണെന്നും കപില്‍ പറഞ്ഞു.

ലോകകപ്പ് കളിച്ച അനുഭവസമ്പത്തും ഓപ്പണറായും മധ്യനിരയിലും കളിപ്പിക്കാമെന്നതും രഹാനെക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും കപില്‍ പറഞ്ഞു. എന്നാല്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയി ഋഷഭ് പന്തിനെയാണ് ബിസിസിഐ ലണ്ടനിലേക്ക് അയച്ചിരിക്കുന്നത്. ശിഖര്‍ ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പന്തിനെ ധവാന്റെ പകരക്കാരനായി പ്രഖ്യാപിക്കൂ. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

Latest Videos

നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുവരെയും കളിപ്പിച്ചില്ലെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുകയും രവീന്ദ്ര ജഡേജയെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.

click me!