വീണ്ടും തഴഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനവുമായി അംബാട്ടി റായുഡു

By Web Team  |  First Published Jul 3, 2019, 1:22 PM IST

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 50 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.


ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.ഐപിഎല്ലിലും കളിക്കില്ലെന്നും വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂവെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.

Latest Videos

undefined

ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയ റായുഡുവിന് ഫോം നഷ്ടമായതാണ് തിരിച്ചടിയായത്. ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇക്കാര്യം ക്യാപ്റ്റന്‍ വിരാട് കോലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തി.

ലോകകപ്പ് ടീമിലെ ഓപ്പണറായ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ സെലക്ടര്‍മാര്‍ പകരക്കാരനായി പ്രഖ്യാപിച്ചത് ഋഷഭ് പന്തിനെയായിരുന്നു. പിന്നീട് റായുഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ക്ക് പരിക്കേറ്റപ്പോഴാകട്ടെ ഓപ്പണറായ മായങ്ക് അഗര്‍വാളിനെയാണ് സെലക്ടര്‍മാര്‍ പകരക്കാരനായി തെരഞ്ഞെടുത്തത്. ഇതാണ് റായുഡുവിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്.

click me!