മാര്‍ക്ക് വുഡിന്‍റെ മരണ ബൗണ്‍സര്‍ തലയ്‌ക്ക് കൊണ്ട് പിടഞ്ഞിട്ടും ക്രീസ് വിടാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മുന്നില്‍ വിതുമ്പി അഫ്‌ഗാന്‍ താരം.
മാഞ്ചസ്റ്റര്‍: ബൗണ്‍സര്‍ തലയ്‌ക്ക് കൊണ്ട് വീണിട്ടും ക്രീസ് വിടാതിരുന്നത് അമ്മയെ വിഷമിപ്പിക്കാതിരിക്കാനെന്ന് അഫ്‌ഗാന്‍ താരം ഹഷ്‌മത്തുള്ള ഷാഹിദി. ഇംഗ്ലണ്ട്- അഫ്ഗാന്‍ മത്സരത്തിനിടെ പേസര്‍ മാര്‍ക് വുഡിന്‍റെ 141 കി.മീ വേഗതയിലുള്ള മിന്നല്‍ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടാണ് ഹഷ്‌മത്തുള്ള നിലത്തുവീണത്. ഈ സമയം താരം 54 പന്തില്‍ 24 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഹഷ്‌മത്തുള്ള ഡ്രസിംഗ് റൂമിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. 'കഴിഞ്ഞ വര്‍ഷം തനിക്ക് പിതാവിനെ നഷ്ടമായി, അമ്മ വേദനിക്കുന്നത് സഹിക്കാനാവില്ല. കുടുംബാംഗങ്ങളെല്ലാം മത്സരം കാണുന്നുണ്ട്. മൂത്ത സഹോദരന്‍ ഗാലറിയിലുണ്ടായിരുന്നു. അവരാരും എന്നെയോര്‍ത്ത് ആശങ്കപ്പെടാതിരിക്കാനാണ് മൈതാനം വിടാതിരുന്നതെന്ന്' മത്സരശേഷം ഹഷ്‌മത്തുള്ള ഷാഹിദി പറഞ്ഞു.
'ബൗണ്‍സര്‍ കൊണ്ട് തന്‍റെ ഹെല്‍മറ്റ് പൊട്ടിയിരുന്നു. താന്‍ വീണയുടനെ ഐസിസി ഡോക്‌ടര്‍മാരും ടീം ഫിസിയോയും പാഞ്ഞെത്തി. ആ സമയം തന്‍റെ സഹതാരങ്ങളെ പിരിയാന്‍ തനിക്ക് മനസുവന്നില്ലെന്നും' ഹഷ്‌മത്തുള്ള പറഞ്ഞു. ഗ്രൗണ്ട് വിടണമെന്ന ഡോക്‌ടര്‍മാരുടെ നിര്‍ദേശം മറികടന്നാണ് ഹഷ്‌മത്തുള്ള ക്രീസില്‍ തുടര്‍ന്നത്. പിന്നീട് 100 പന്തില്‍ 76 റണ്‍സെടുത്താണ് താരം പുറത്തായത്.