ലോകകപ്പ് ഇംഗ്ലണ്ടില്‍ അരങ്ങുതകര്‍ക്കുകയാണ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ 11 പോയിന്റുമായി സെമി ഫൈനലിന് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരങ്ങളിലും പലരും ഇംഗ്ലണ്ടില്‍ ലോകകപ്പ് ആസ്വദിക്കുന്നുണ്ട്.
ബംഗളൂരു: ലോകകപ്പ് ഇംഗ്ലണ്ടില്‍ അരങ്ങുതകര്‍ക്കുകയാണ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ 11 പോയിന്റുമായി സെമി ഫൈനലിന് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരങ്ങളിലും പലരും ഇംഗ്ലണ്ടില്‍ ലോകകപ്പ് ആസ്വദിക്കുന്നുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരൊക്കെ ഇംഗ്ലണ്ടിലുണ്ട്. ഇവര്‍ കമന്ററി ബോക്‌സില്‍ ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ആരാധകരില്‍ പലരും കമന്റ് ബോക്‌സില്‍ പറഞ്ഞത് ഫോട്ടോയില്‍ രാഹുല്‍ ദ്രാവിഡ് കൂടി ഉണ്ടായിരുന്നെങ്കിലെന്നാണ്.
എന്നാല്‍ ദ്രാവിഡ് എവിടെയെന്ന് പലരും ചിന്തിച്ച് കാണും. ലോകകപ്പിനിടെ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി ചാര്‍ജെടുത്തുവെന്നാണ്. ബാംഗളൂരുവില്‍ ഇന്നായിരുന്നു ദ്രാവിഡ് ചാര്‍ജെടുത്തത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ദ്രാവിഡിനെ നിയമിച്ചത്. യുവ ക്രിക്കറ്റര്‍മാരെ വളര്‍ത്തിയെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ദൗത്യം.
പുതിയ റോള്‍ ഏറ്റെടുത്തതോടെ ദ്രാവിഡ് മുഴുവന്‍ സമയവും ഇന്ത്യ എയുടെയും അണ്ടര്‍ 19 ടീമിന്റേയും കൂടെ യാത്ര ചെയ്യില്ല. അതിനേക്കാള്‍ വലിയ കാര്യമാണ് ദ്രാവിഡിന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് ബിസിസി വക്താവ് അറിയിച്ചു.