ലോഡ്‌സില്‍ ലോകകപ്പിലെ വമ്പന്‍ പോരാട്ടങ്ങളിലൊന്നിനായി ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ അലക്‌സ് ഹെയ്‌ല്‍സ് ടീമിനൊപ്പമില്ല. എന്നാല്‍ എതിരാളികളായ ഓസീസിനെ കുറിച്ച് ചിലത് താരത്തിന് പറയാനുണ്ട്.
ലോഡ്‌സ്: ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരം. ഈ ലോകകപ്പില്‍ ചിരവൈരികളായ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് അതുകൊണ്ട് തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്നു. ലോഡ്‌സില്‍ ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തിന് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ അലക്‌സ് ഹെയ്‌ല്‍സ് ടീമിനൊപ്പമില്ല. എന്നാല്‍ എതിരാളികളായ ഓസീസിനെ കുറിച്ച് ചിലത് താരത്തിന് പറയാനുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഹെയ്‌ല്‍സിനുള്ളത്. ഒന്‍പത് ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ചുറിയടക്കം 23.42 ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ വരവാണ് ഹെയ്‌ല്‍സിനെ റണ്‍വേട്ടയില്‍ കൂടുതല്‍ വലച്ചത്. അതിനാല്‍ താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളര്‍ എന്നാണ് കമ്മിന്‍സിന് ഹെയ്‌ല്‍സ് നല്‍കുന്ന വിശേഷണം.
'കമ്മിന്‍സിന്‍റെ പന്തുകള്‍ തന്‍റെ ഉറക്കം കെടുത്തിയിരുന്നു. നാല് തവണ കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് തനിക്ക് നേടാനായത്. ബാറ്റിംഗ് ശരാശരി 0.75 മാത്രമെന്നും' സ്‌കൈ സ്‌പോര്‍ട്‌സിനോട് അലക്‌സ് ഹെയ്‌ല്‍സ് പറഞ്ഞു. ലോകകപ്പിനുള്ള പ്രാഥമിക താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ഉത്തേജകമരുന്ന് ഉപയോഗം തെളിഞ്ഞതിനെ തുടര്‍ന്ന് ഹെയ്‌ല്‍സിനെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കുകയായിരുന്നു.