ഓസ്‌ട്രേലിയക്കെതിരായ തോല്‍വി ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ലോകകപ്പില്‍ നല്‍കിയത്. അനായാസം സെമിയില്‍ പ്രവേശിക്കുമെന്ന് കരുതിയിരുന്ന ടീമിന് ഇനി ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയം നിര്‍ബന്ധമായി.
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ തോല്‍വി ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ലോകകപ്പില്‍ നല്‍കിയത്. അനായാസം സെമിയില്‍ പ്രവേശിക്കുമെന്ന് കരുതിയിരുന്ന ടീമിന് ഇനി ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയം നിര്‍ബന്ധമായി. മികച്ച രീതിയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന് ചില താരങ്ങളുടെ പരിക്കാണ് തലവേദനയാവുന്നത്.
സ്പിന്നര്‍ ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, ജേസണ്‍ റോയ് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. റോയ് ഒഴികെ എല്ലാവരും കളിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ഫിറ്റല്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ അലട്ടുന്നതും ഇതാണ്. ഇന്ത്യക്കെതിരെ 30ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ താരങ്ങള്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് മോര്‍ഗന്റെ പ്രതീക്ഷ.
ആദില്‍ റഷീദിന്റെ വലത് തോളിനാണ് പരിക്ക്. വലങ്കയ്യന്‍ ബൗളറായ ആര്‍ച്ചര്‍ക്കാവട്ടെ ശരീരത്തിന്റെ ഇടത് വശം പ്രശ്‌നമാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയനായിരുന്നു. വോക്‌സും വുഡും പൂര്‍ണ ഫിറ്റല്ലെന്നാണ് അറിയുന്നത്. കാല്‍തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത റോയ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ പുറത്താണ്.