ഹിറ്റ്‌മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് മുന്‍ താരം സംശയം പ്രകടിപ്പിക്കുകയാണ്.
മുംബൈ: ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സ്. 113 പന്തില്‍ 140 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹിറ്റ്‌മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് മുന്‍ താരം അതൃപ്‌തി പ്രകടിപ്പിക്കുകയാണ്.
'രോഹിത് പക്വതയുള്ള താരമാണ്. അദേഹമിപ്പോള്‍ പരിചയസമ്പന്നനും ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളുമാണ്. ഇന്നലെ പാക്കിസ്ഥാനെതിരെ രോഹിത് കാട്ടിയ ഇന്നിംഗ്‌സ് വിസ്‌മയമാണ്. ഇന്ത്യ- പാക് മത്സരം സമ്മര്‍ദത്തിന്‍റെ കളിയാണ്. സ്ഥിരം ഓപ്പണിംഗ് പാര്‍ട്‌ണര്‍ പരിക്കേറ്റ് പുറത്തിരുന്നെങ്കിലും രോഹിത് ഉത്തരവാദിത്വം കാട്ടി. രോഹിത് ലോകോത്തര താരമാണെന്നും' ദിലീപ് വെങ്‌സര്‍കര്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ നാല്, അഞ്ച് ബാറ്റിംഗ് നമ്പറുകളില്‍ അദേഹം തൃപ്‌തനല്ല. 'വിജയ് ശങ്കര്‍ അടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നാണ് പ്രതീക്ഷ. കേദാര്‍ ജാദവും മികച്ച പ്രകടനം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വിരാട് കോലിയും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച ഫോമിലാണെന്നും അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും' വെങ്‌സര്‍കര്‍ പറഞ്ഞു.