മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് എന്തുകൊണ്ട് സൂര്യകുമാര്‍ ഒഴിവായി? കാരണമറിയാം

By Web Team  |  First Published Nov 18, 2024, 10:44 PM IST

സൂര്യയുടെ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നതും ഇതേ സമയത്താണ്. അതിന്റെയെല്ലാം ഭാഗമാവേണ്ടതുകൊണ്ട് സൂര്യ അവധി ചോദിക്കുകയായിരുന്നു.


മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പേരില്ലായിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലേക്ക് ഒരിടവേളക്കുശേഷം പൃഥ്വി ഷാ തിരിച്ചെത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിച്ച സീനിയര്‍ താരം അജിങ്ക്യാ രഹാനെയും മുംബൈ ടീമിലുണ്ട്. ഇന്ത്യന്‍ താരം ഷാര്‍ദ്ദുല്‍ താക്കൂറും ഒരിടവേളക്കുശേഷം മുംബൈ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് മുഷീര്‍ ഖാന്‍, ശിവം ദുബെ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

സൂര്യയെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നുള്ള ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം വിശ്രമമെടുത്തതാണോ എന്നതാണ് മറ്റൊരു ചോദ്യം. എന്നാല്‍ വ്യക്തിപരമായ കാരണമാണ് സൂര്യ വിട്ടുനില്‍ക്കുന്നത്. സൂര്യയുടെ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നതും ഇതേ സമയത്താണ്. അതിന്റെയെല്ലാം ഭാഗമാവേണ്ടതുകൊണ്ട് സൂര്യ അവധി ചോദിക്കുകയായിരുന്നു. തുടക്കത്തിലെ മത്സരങ്ങള്‍ക്ക് ശേഷം താരം ടീമില്‍ തിരിച്ചെത്തും. ഡിസംബറിന് ശേഷം നടക്കുന്ന മത്സരങ്ങളില്‍ മുംബൈക്ക് വേണ്ടി സൂര്യ കളിക്കും.

Latest Videos

undefined

മുഹമ്മദ് ഷമി ഒരുങ്ങിതന്നെ! ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിക്കാം

അതേസമയം, കേരളം കളിക്കുന്ന ഗ്രൂപ്പ് ഇയിലാണ് മുംബൈയും. കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കിടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തുന്ന സഞ്ജു സാംസണായിരിക്കും കേരളത്തെ നയിക്കുക. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം. മത്സരത്തിലേക്ക് സൂര്യ തിരിച്ചെത്തുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. സൂര്യവന്നാല്‍ സഞ്ജുവിനെതിരെ കളിക്കുന്നത് കാണാന്‍ സാധിച്ചേക്കും.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അങ്കിഷ് രഘുവംശി, ജയ് ബിസ്ത, അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, സൂര്യന്‍ഷ് ഷെഡ്ഗെ, സായിരാജ് പാട്ടീല്‍, ഹാര്‍ദിക് താമോര്‍ , ആകാശ് ആനന്ദ്, ഷംസ് മുലാനി, ഹിമാന്‍ഷു സിംഗ്, തനുഷ് കൊടിയാന്‍ , മോഹിത് അവാസ്തി, റോയ്സ്റ്റണ്‍ ഡയസ്, ജുനെദ് ഖാന്‍.

click me!