ഭൂമിയിലെ സ്വര്‍ഗത്തില്‍ അവതരിച്ച് ക്രിക്കറ്റ് ദൈവം; കശ്‌മീരില്‍ ബാറ്റേന്തി സച്ചിന്‍- വീഡിയോ

By Web Team  |  First Published Feb 22, 2024, 1:30 PM IST

ജമ്മു കശ്‌മീരിലെ ഗുൽമർഗ് സന്ദർശനത്തിനിടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കര്‍ നാട്ടുകാരായ യുവാക്കൾക്കൊപ്പം നടുറോഡില്‍ ബാറ്റ് ചെയ്‌തത്


കശ്‌മീര്‍: ഭൂമിയിലെ സ്വര്‍ഗം എന്നാണ് കശ്‌മീരിനുള്ള വിശേഷണം. ചുറ്റും മഞ്ഞുമലകള്‍ നിറഞ്ഞ കശ്മീര്‍ ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കശ്‌മീരിന്‍റെ സൗന്ദര്യവും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് മാസ്‌മരികതയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? ആ സുന്ദര കാഴ്ച കശ്മീരില്‍ ചരിത്രത്തിലാദ്യമായി സംഭവിച്ചു. 

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലൊന്നായ കശ്‌മീരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 50-ാം വയസില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങി. ജമ്മു കശ്‌മീരിലെ ഗുൽമർഗ് സന്ദർശനത്തിനിടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കര്‍ നാട്ടുകാരായ യുവാക്കൾക്കൊപ്പം നടുറോഡില്‍ ബാറ്റ് ചെയ്‌തത്. കാറില്‍ നിന്ന് നേരെയിറങ്ങി സച്ചിന്‍ ബാറ്റ് ഏറ്റെടുക്കുകയായിരുന്നു. തന്‍റെ തലമുറയിലെ ലോകോത്തര ബൗളര്‍മാരെയെല്ലാം നിഷ്കരുണം പായിച്ച ചരിത്രമുള്ള സച്ചിന്‍ എല്ലാ പന്തും അനായാസം നേരിട്ടു. തന്‍റെ ട്രേഡ്‌മാര്‍ക്ക് സ്ട്രൈറ്റ് ഡ്രൈവ് തന്നെയായിരുന്നു ഇതിലെ ഹൈലൈറ്റ്. ബാറ്റ് തലതിരിച്ചുപിടിച്ച് പിടി (ഹാന്‍ഡില്‍) കൊണ്ട് പന്തടിച്ചകറ്റിയും സച്ചിന്‍ അന്നാട്ടുകാരെ വിസ്‌മയിപ്പിച്ചു. കശ്‌മീര്‍ സന്ദര്‍ശനത്തിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ ആരാധകര്‍ക്കായി സച്ചിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Latest Videos

undefined

'ക്രിക്കറ്റ് ആന്‍ഡ് കശ്‌മീര്‍: എ മാച്ച് ഇന്‍ ഹെവന്‍' (സ്വര്‍ഗത്തിലെ ക്രിക്കറ്റ് മത്സരം) എന്ന തലക്കെട്ടോടെയാണ് സച്ചിന്‍റെ വീഡിയോ. കശ്‌മീര്‍ ഡയറീസ്, കശ്മീര്‍, ക്രിക്കറ്റ്, ഗള്ളി ക്രിക്കറ്റ് എന്നീ ഹാഷ്ടാഗുകളും ദൃശ്യത്തിന് ഒപ്പമുണ്ടായിരുന്നു.

ഗുൽമർഗിലെ യുവാക്കള്‍ക്കൊപ്പം ബാറ്റ് ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവരുമായി കുശലം പങ്കിടുകയും സെല്‍ഫി എടുക്കുകയും ചെയ്തു. സച്ചിനായി കനത്ത സുരക്ഷ ഇവിടെ ഒരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ഗുല്‍മര്‍ഗിലെ യുവാക്കള്‍ക്ക് മറക്കാനാവാത്ത അനുഭവമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഒപ്പമുള്ള ക്രിക്കറ്റ്. കശ്മീരിലെ ബാറ്റ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നും സച്ചിന്‍ സന്ദര്‍ശിച്ചു. 

Read more: ബുമ്രക്ക് പകരം ആര്, എത്ര സ്‌പിന്നര്‍മാര്‍, റാഞ്ചിയില്‍ വന്‍ മാറ്റങ്ങള്‍? ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!