അവിടെയാണ് തകർച്ച തുടങ്ങിയത്, വൈകാതെ ഇന്ത്യൻ ടീമിൽ പൊട്ടിത്തെറിയുണ്ടാകും; തുറന്നു പറഞ്ഞ് മനോജ് തിവാരി

By Web TeamFirst Published Oct 27, 2024, 5:05 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയുടെ തോല്‍വിക്കുള്ള കാരണങ്ങള്‍ നിരത്തി മുന്‍ താരം മനോജ് തിവാരി.

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയോടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനകത്ത് ഭിന്നത രൂക്ഷമാകുമെന്ന് വ്യക്തമാക്കി മുന്‍ താരം മനോജ് തിവാരി. ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിയുടെ തുടക്കം ബെംഗളൂരു ടെസ്റ്റില്‍ ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള തീരുമാനമാണെന്നും തിവാരി പറഞ്ഞു.

ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത് ബെംഗളൂരു ടെസ്റ്റിലാണ്. അതിന് കാരണമായത്, നിര്‍ണായക ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനമാണ്. കാരണം കാലാവസ്ഥയായിരുന്നു ബെംഗളൂരുവിലെ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി. മഴമൂലം ആദ്യദിനം നഷ്ടമായ മത്സരത്തില്‍ ടോസ് നേടിയിട്ടും ഫീല്‍ഡ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു ഇന്ത്യക്ക്. പക്ഷെ ബാറ്റിംഗ് തെര‍ഞ്ഞെടുത്തത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല.

Latest Videos

രഞ്ജി ട്രോഫി: കാത്തിരിപ്പിനൊടുവില്‍ ടോസ് വീണു, സഞ്ജുവിന്‍റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ

അവിടെയാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്. ആദ്യ ടെസ്റ്റില്‍ ടീം സെലക്ഷനിലും ഇന്ത്യക്ക് പാളിച്ച പറ്റി. ആദ്യ ടെസ്റ്റ് തോറ്റപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മൂന്ന് മാറ്റം വരുത്തി വീണ്ടും പിഴവ് വരുത്തി. ടീം സെലക്ഷനിലെ ഈ പിഴവ് വൈകാതെ ഡ്രസ്സിംഗ് റൂമിനകത്ത് ഭിന്നതക്കും പൊട്ടിത്തെറിക്കും കാരണമാകും. വാഷിംഗ്ടണ്‍ സുന്ദറിനെ എടുത്തത് നന്നായെന്ന് ശരിയായ തീരുമാനമാണെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നുണ്ടാവും. പക്ഷെ അതിനര്‍ത്ഥം കുല്‍ദീപ് യാദവിനെ കളിപ്പിച്ചിരുന്നെങ്കില്‍ വിക്കറ്റെടുക്കില്ല എന്നല്ലല്ലോ. ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് സുന്ദറിനെ ടീമിലെടുത്തത്.

എന്നാല്‍ വിക്കറ്റെടുക്കാന്‍ അറിയാവുന്ന ബാറ്റിംഗും വശമുള്ള അക്സര്‍ പട്ടേല്‍ ടീമിലുള്ളപ്പോഴാണ് സുന്ദറിനെ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചത്. ഇതൊക്കെ ടീമിനകത്ത് അസ്വസ്ഥതക്കും പൊട്ടിത്തെറിക്കും കാരണമാകും. ആദ്യം അക്സറിനെ അവഗണിച്ചു. പിന്നെ കുല്‍ദീപിനെ ബെഞ്ചിലിരുത്തി. ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാതിരുന്നശേഷം രണ്ടാം ടെസ്റ്റില്‍ ടീമിലെടുത്ത ആകാശ് ദീപിന് രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ പോലും നല്‍കിയില്ല. അതുപോലെ ബുമ്രയെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിച്ചതുമില്ല. ഇതെല്ലാം ഇന്ത്യക്ക് തിരിച്ചടിയായെന്നും മനോജ് തിവാരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!