സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍സമയം നാളെ ഉച്ചയ്ക്ക് 1.30നാണ് ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം ആരംഭിക്കുക
സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 റൗണ്ടില്‍ നാളെ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടമാണ്. ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന ഇരു മത്സരങ്ങളും മഴ കൊണ്ടുപോയതിനാല്‍ നാളെ സിഡ്നി വേദിയാവുന്ന കളിയും വെള്ളത്തിലാകുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. പ്രത്യേകിച്ച്, ന്യൂസിലന്‍ഡ്-ലങ്ക പോരാട്ടം പോയിന്‍റ് പട്ടികയില്‍ ഏറെ നിർണായകമാണ് എന്നതിനാല്‍. സിഡ്നിയിലെ നാളത്തെ കാലാവസ്ഥാ പ്രവചനം എങ്ങനെയാണെന്ന് നോക്കാം.
ഇന്ത്യന്‍സമയം നാളെ ഉച്ചയ്ക്ക് 1.30നാണ് സിഡ്നിയില്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ തടസമാവില്ല എന്നാണ് നിലവിലെ കാലാവസ്ഥാ സൂചനകള്‍. സിഡ്നിയില്‍ മഴ പെയ്യാന്‍ വെറും 3 ശതമാനം വരെ സാധ്യതകളേ പ്രവചിച്ചിട്ടുള്ളൂ. തെളിഞ്ഞ ആകാശമായിരിക്കും മത്സരസമയത്ത്. വെതർ ഡോട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം പകല്‍ 24 ഉം രാത്രി 12 ഉം താപനിലയായിരിക്കും ശരാശരിയുണ്ടാവുക. ബാറ്റിംഗിന് അനുകൂലമാണ് സിഡ്നിയിലെ പിച്ച്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് മത്സരഫലങ്ങള്‍ എന്നതാണ് ചരിത്രം. അതിനാല്‍ ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യത. 170-180 സ്കോർ ആദ്യ ഇന്നിംഗ്സില്‍ പ്രതീക്ഷിക്കാം. ഇവിടെ അവസാനം നടന്ന ഇന്ത്യ-നെതർലന്‍ഡ്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 റണ്ണിന് വിജയിച്ചിരുന്നു.
undefined
ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ 89 റണ്‍സിന് പൊട്ടിച്ച ന്യൂസിലന്‍ഡിന്‍റെ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികള്‍. അതേസമയം അവസാന മത്സരത്തില്‍ ഓസീസിനോട് ഏഴ് വിക്കറ്റിന്‍റെ തോല്‍വി സമ്മതിച്ചാണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ലങ്ക നാളെ ഇറങ്ങുന്നത്. ലങ്ക ആദ്യ സൂപ്പർ-12 മത്സരത്തില്‍ അയർലന്‍ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. നാളെ സിഡ്നിയില്‍ ന്യൂസിലന്‍ഡ്-ലങ്ക മത്സരത്തില്‍ വിജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.