ടി20 ലോകകപ്പ്: റിസ്‌വാന്‍റെ തുടക്കം, വിന്‍റേജ് മാലിക്ക്, കിവികളെയും വീഴ്ത്തി പാക്കിസ്ഥാന്‍

By Web Team  |  First Published Oct 26, 2021, 11:13 PM IST

ബാബറിനെ(9) സൗത്തി ക്ലീന്‍ ബൗള്‍ഡാക്കുകയും ഫഖര്‍ സമനെ(11) ഇഷ് സോധിയും മുഹമ്മദ് ഹഫീസിനെ(11) സാന്‍റനറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെ പറക്കും ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതോടെ പാക്കിസ്ഥാന്‍ ഒന്ന് പതറി. ഹഫീസ് മടങ്ങിയതിന് പിന്നാലെ റിസ്‌വാനും(33), ഇമാദ് വാസിമും(11) വീണതോടെ പതിനഞ്ചാം ഓവറില്‍ 87-5ലേക്ക് വീണ പാക്കിസ്ഥാന്‍ തോല്‍വി മുന്നില്‍ക്കണ്ടു.


ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12)ലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ (New Zealand) വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി ബെര്‍ത്ത് ഏതാണ്ടുറപ്പിച്ച് പാക്കിസ്ഥാന്‍(Pakistan). ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയലക്ഷ്യം മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ഷൊയൈബ് മാലിക്കിന്‍റെയും(Shoaib Malik) ആസിഫ് അലിയുടെയും(Asif Ali) ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന് ഇനി സ്കോട്‌ലന്‍ഡും അഫ്ഗാനിസ്ഥാനും നമീബിയയുമാണ് എതിരാളികള്‍. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 134-8, പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 135-5.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

Latest Videos

undefined

തുടക്കത്തില്‍ പതറി, കോട്ട കാത്ത് റിസ്‌വാന്‍

ഇന്ത്യക്കെതിരെയെന്ന പോലെ കരുതലോടെയാണ് ബാബറും റിസ്‌വാനും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയത്. സാന്‍റനറുടെ ആദ്യ ഓവറില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ ബാബര്‍ പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. റിസ്‌വാനാണ് പിന്നീട് പ്രധാനമായും പാക് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ ബാബറിനെ(9) സൗത്തി ക്ലീന്‍ ബൗള്‍ഡാക്കുകയും ഫഖര്‍ സമനെ(11) ഇഷ് സോധിയും മുഹമ്മദ് ഹഫീസിനെ(11) സാന്‍റനറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെ പറക്കും ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതോടെ പാക്കിസ്ഥാന്‍ ഒന്ന് പതറി. ഹഫീസ് മടങ്ങിയതിന് പിന്നാലെ റിസ്‌വാനും(33), ഇമാദ് വാസിമും(11) വീണതോടെ പതിനഞ്ചാം ഓവറില്‍ 87-5ലേക്ക് വീണ പാക്കിസ്ഥാന്‍ തോല്‍വി മുന്നില്‍ക്കണ്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ആസിഫ്-മാലിക്ക് എന്തൊരു ഫിനിഷിംഗ്

എന്നാല്‍ ഇമാദ് വാസിമിന് പകരം ക്രീസിലെത്തിയ ആസിഫ് അലി രണ്ടടിയിലൂടെ പാക്കിസ്ഥാന്‍റെ സമ്മര്‍ദ്ദം അകറ്റി. അവസാന ആറോവറില്‍ 53 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ ടിം സൗത്തിയെ തുടര്‍ച്ചയായി രണ്ട് സിക്സിന് പറത്തിയ ആസിഫ് അലി പാക്കിസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചു. പതിനെട്ടാം ഓവറില്‍ മിച്ചല്‍ സാന്‍റനറെ സിക്സിനും ഫോറിനും പറത്തിയ ഷൊയൈബ് മാലിക്ക് പാക് ജയം ഉറപ്പാക്കി.  ആസിഫ് അലി 12 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 20 പന്തില്‍ 26 റണ്‍സെടുത്ത മാലിക്ക് പാക് ജയത്തിന്‍റെ അമരക്കാരനായി. കിവീസിനായി ഇഷ് സോധി രണ്ടും സാന്‍റ്നര്‍, സൗത്തി, ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വെയുമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.

അഫ്രീദിക്കെതിരെ കരുതലോടെ, പക്ഷെ കിവീസിന്‍റെ ചിറകരിഞ്ഞത് ഹാരിസ് റൗഫ്

ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഷാഹിന്‍ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവര്‍ മെയ്ഡിനായി. അഞ്ചാം ഓവറില്‍ ഹാരിസ് റൗഫാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സിലെത്തിയ കിവീസിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ(17) മടക്കി റൗഫ് വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ വീഴ്ത്തി ഇമാദ് വാസിം ആ പ്രതീക്ഷ തകര്‍ത്തു.

ജെയിംസ് നീഷാം വന്നപോലെ മടങ്ങിയതിന് പിന്നാലെ നിലയുറപ്പിച്ച വില്യംസണ്‍ സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഹസന്‍ അലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് കിവീസിന് തിരിച്ചടിയായി. ഒരു സിക്സും രണ്ട് ഫോറും പറത്തിയ വില്യംസണ്‍ 26 പന്തില്‍ 25 റണ്‍സെടുത്തു.

പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡെവോണ്‍ കോണ്‍വെ(27) നടത്തിയ പോരാട്ടം കിവീസിനെ 100 കടത്തി. ഗ്ലെന്‍ ഫിലിപ്സിനെയും(13) ഡെവോണ്‍ കോണ്‍വെയയും(27) മടക്കി ഹാരിസ് റൗഫ് തന്നെയാണ് കിവീസിന്‍റെ നടുവൊടിച്ചതും. റൗഫ് നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിമും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റെടുത്തു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

click me!