ടി20 ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യക്കായി കളിച്ച റുതുരാജ് 66.50 ശരാശരിയിലും 158.33 സ്ട്രൈക്ക് റേറ്റിലും 133 റണ്‍സ് അടിച്ചെങ്കിലും പിന്നീട് അവസരം കിട്ടിയില്ല.
ഡര്‍ബന്‍: ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ ടി20 ടീമിലേക്ക് എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷം കിട്ടിയ അവസരങ്ങളിലെല്ലാം മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടും റുതുരാജിനെ ടി20, ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് പരിഗണിക്കാത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രികക്കെതിരായ ടി20 പരമ്പരക്ക് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിനെത്തിയ സൂര്യയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ ദേശീയ ടീമിലെത്താന്‍ അര്‍ഹരായ നിരവധി പ്രതിഭകള്‍ രാജ്യത്തുണ്ടെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. ദേശീയ ടീമിലെത്താന്‍ അര്‍ഹരായ നിരവധി താരങ്ങളുണ്ട്. അവരില്‍ ഓരോരുത്തര്‍ക്കും അവസരം നല്‍കുന്നതിന് ടീം മാനേജ്മെന്‍റിന് ഒരു പദ്ധതിയുണ്ട്. അതനുസരിച്ചാണ് ഓരോ താരങ്ങള്‍ക്കും അവസരം നല്‍കുന്നത്. അതിനെ നമ്മള്‍ ബഹുമാനിച്ചേ മതിയാകു.
റുതു, അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുളള താരം. എന്നാല്‍ റുതുവിനും മുമ്പ് മികച്ച പ്രകടനങ്ങളിലൂടെ ടീമിലെത്താന്‍ അര്‍ഹരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് അവസരം ലഭിക്കുന്നതുപോലെ റുതുരാജിനും അവസരം ലഭിക്കും. അതാണ് ടീം മാനേജ്മെന്‍റ് ആലോചിക്കുന്നത്. അത് അതിന്‍റേതായ വഴിക്ക് നടക്കും. റുതുരാജ് ചെറുപ്പമാണ്. മികച്ച പ്രകടനം നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ അവന്‍റെ നമ്പറും വൈകാതെ വരുമെന്നാണ് ഞാന്‍ കരുതുന്നത്-സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി: നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല
ടി20 ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യക്കായി കളിച്ച റുതുരാജ് 66.50 ശരാശരിയിലും 158.33 സ്ട്രൈക്ക് റേറ്റിലും 133 റണ്‍സ് അടിച്ചെങ്കിലും പിന്നീട് അവസരം കിട്ടിയില്ല. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി ടീമിനെ നയിച്ച റുതുരാജ് ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീം നായകനുമായിരുന്നു. നിലവില്‍ ഓസ്ട്രേലിയയില്‍ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ എ ടീമിന്‍റെ ഭാഗമാണ് റുതുരാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക