പാറ്റ് കമിന്‍സിനെയല്ല, 23 കോടി മുടക്കി ഐപിഎൽ താരലേത്തില്‍ ഹൈദരാബാദ് നിലനിര്‍ത്തുക വെടിക്കെട്ട് താരത്തെ

By Web Team  |  First Published Oct 16, 2024, 7:43 PM IST

ഈ മാസം 31ന് മുമ്പാണ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുക എന്ന് ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്.


ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ടീമുകള്‍. ഈ മാസം 31ന് മുമ്പാണ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുക എന്ന് ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്. കഴിഞ്ഞ താരലേലത്തില്‍ 20.50 കോടി കൊടുത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ക്യാപ്റ്റൻ പാറ്റ് കമിന്‍സിന് ഇത്തവണ തുക കുറയുമെന്നാണ് റിപ്പോര്‍ട്ട്. കമിന്‍സിനെ 18 കോടി നല്‍കി നിലനിര്‍ത്താനാണ് ഹൈദരാബാദിന്‍റെ തീരുമാനമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കഴിഞ്ഞ സീസണിലും ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെയുമെല്ലാം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹെന്‍റിച്ച് ക്ലാസന് ഹൈദരാബാദ് 23 കോടി നല്‍കുമെന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടിലുള്ളത്. 18 കോടിയാണ് ആദ്യം നിലനിര്‍ത്തുന്ന കളിക്കാരന് ടീം മുടക്കേണ്ട തുക. ഇതില്‍ കൂടുതല്‍ തുക നല്‍കി നിലനിര്‍ത്തിയാല്‍ ഇങ്ങനെ നല്‍കുന്ന അധിക തുക ബിസിസിഐ അക്കൗണ്ടിലേക്കാണ് എത്തുക. എന്നാല്‍ 16 കോടി നല്‍കി രണ്ടാമത്തെ കളിക്കാരനായോ 14 കോടി ന്‍കി മൂന്നാമത്തെ കളിക്കാരനായോ ക്ലാസനെ നിലനിര്‍ത്താമെന്നിരിക്കെ എന്തിനാണ് ഹൈദരാബാദ് ക്ലാസന് 23 കോടി മുടക്കാന്‍ തയാറാവുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ 15 ഇന്നിംഗ്സില്‍ 479 റണ്‍സടിച്ച ക്ലാസന്‍ 171.07 സ്ട്രൈക്ക് റേറ്റിലാണ് റണ്‍സടിച്ച് കൂട്ടിയത്. ഓരോ ടീമും നിലനിര്‍ത്തുന്ന നാലാമത്തെ കളിക്കാരന് വീണ്ടും 18 കോടിയും അഞ്ചാമത്തെ കളിക്കാരന് 16 കോടിയും മുടക്കണം.

Latest Videos

undefined

മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ബ്രേക്കിട്ട് പാകിസ്ഥാന്‍ സ്പിന്നർമാര്‍,ബാറ്റിംഗ് തകര്‍ച്ച

കമിന്‍സിനും ക്ലാസനും കഴിഞ്ഞാൽ 14 കോടി നല്‍കി ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് മൂന്നാമത്തെ ഹൈദരാബാദ് നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ 16 ഇന്നിംഗ്സില്‍ 484 റണ്‍സടിച്ച അഭിഷേക് ശര്‍മയുടെ സ്ട്രൈക്ക് റേറ്റ് 204.21 ആണ്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഹൈദരാബാദ് നിലനിര്‍ത്തുന്ന നാലാമത്തെ താരം. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദ് നിലനിര്‍ത്തുന്ന അഞ്ചാമത്തെ താരം. കഴിഞ്ഞ സീസണില്‍ കമിന്‍സിന്‍റെ നേതൃത്വത്തിലിറങ്ങിയ ഹൈദരാബാദ് ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയോടെ തോറ്റ് കിരീടം കൈവിട്ടു. ഐപിഎല്ലിലെ പുതിയ നിബന്ധന അനുസരിച്ച് അഞ്ച് ക്യാപ്ഡ് താരങ്ങളെയും ഒരു അണ്‍ ക്യാപ്ഡ് താരത്തെയുമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!