24കാരനായ താരത്തിന് നന്നായി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നേടിയത് വെറും 59 റണ്‍സാണ്.
മുംബൈ: ഫിറ്റ്‌നെസ് സൂക്ഷിക്കുന്നില്ലെന്ന കാരണത്താല്‍ മുംബൈയുടെ രഞ്ജി ടീമില്‍ നിന്ന് പുറത്തായ പൃഥ്വി ഷായെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. ത്രിപുരയ്ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്നാണ് താരത്തെ പുറത്താക്കിയിരുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കിയ ഫിറ്റ്നസ് പ്രോഗ്രാമിന്റെ രണ്ടാഴ്ച്ച പങ്കെടുക്കാന്‍ താരത്തോട് ആവശ്യപ്പെടുകയും ചെയ്തു. പൃഥ്വിയുടെ ശരീരത്തില്‍ 35 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ടീം മാനേജ്മെന്റ് എംസിഎയെ അറിയിച്ചിരുന്നു.
24കാരനായ താരത്തിന് നന്നായി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നേടിയത് വെറും 59 റണ്‍സാണ്. ലഖ്നൗവില്‍ നടന്ന ഇറാനി കപ്പ് വിജയത്തില്‍ മുംബൈയുടെ രണ്ടാം ഇന്നിംഗ്‌സില്‍ താരം 76 റണ്‍സ് നേടിയിരുന്നു. ഇപ്പോള്‍ താരത്തെ പിന്തുണയ്ക്കുകയാണ് ഗവാസ്‌കര്‍. ഗവാസ്‌കറുടെ വാക്കുകള്‍... ''രഞ്ജി ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മനോഭാവം, സമീപനം, അച്ചടക്കം എന്നിവയെക്കുറിച്ചാണെങ്കില്‍, അത് മനസ്സിലാക്കാം. പക്ഷേ അദ്ദേഹത്തിന്റെ ഭാരമാണ് ഏറിയതുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ ന്യായീകരിക്കാന്‍ കഴിയില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.
undefined
ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! യുവ പേസര്‍ മുംബൈയില്‍ കളിക്കും
സര്‍ഫറാസ് ഖാനെ താരതമ്യപ്പെടുത്തിയാണ് ഗവാസ്‌കര്‍ പിന്നീട് സംസാരിച്ചത്. ''പൃഥ്വിക്ക് 35 ശതമാനം കൂടുതല്‍ കൊഴുപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ സര്‍ഫറാസ് ഖാന്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 150 റണ്‍സ് അടിച്ചെടുത്തത് എങ്ങനെയാണ്? ഫിറ്റ്‌നെസ് എന്നുള്ളത് നിങ്ങളുടെ അരക്കെട്ടിന്റെ ആകൃതിയോ വലുപ്പമോ അല്ല നിര്‍ണ്ണയിക്കുന്നത്. ക്രിക്കറ്റില്‍ ഫിറ്റ്‌നെസ് വേറെ തന്നെയാണ്. 150-ലധികം റണ്‍സ് നേടാനാകുമോ, ഒരു ദിവസം മുഴുവന്‍ ബാറ്റ് ചെയ്യാനോ ഒരു ദിവസം 20-ലധികം ഓവര്‍ ബൗള്‍ ചെയ്യാനോ കഴിയുമോ എങ്കില്‍ അതാണ് ഫിറ്റ്‌നെസ്. അതായിരിക്കണം ഒരു കളിക്കാരന്റെ ഫിറ്റ്നസിന്റെ ഏക മാനദണ്ഡം.'' ഗവാസ്‌കര്‍ പറഞ്ഞു.
2020ലാണ് ഷാ ഇന്ത്യയ്ക്കായി അവസാനമായി ഒരു ടെസ്റ്റ് കളിച്ചത്. കഴിഞ്ഞ മൂന്ന് രഞ്ജി ട്രോഫി സീസണുകളിലായി ഷാ നാല് സെഞ്ച്വറി നേടി. 2022-23ല്‍ അസമിനെതിരെ നേടിയ 379 റണ്‍സ് ടൂര്‍ണമെന്റില്‍ ഒരു മുംബൈ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.