ഗൗതം ഗംഭീര്‍ പരിശീലകനായാല്‍ ഇന്ത്യൻ ടീമില്‍ നിര്‍ണായക റോളിൽ തിരിച്ചെത്താന്‍ ഒരുങ്ങി ശ്രേയസ് അയ്യര്‍

By Web TeamFirst Published Jun 19, 2024, 1:31 PM IST
Highlights

ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കിതിന് പിന്നില്‍ ശ്രേയസിനൊപ്പം തന്നെ നിര്‍ണായക പങ്കുവഹിച്ചത് ടീമിന്‍റെ മെന്‍ററായിരുന്ന ഗൗതം ഗംഭീറായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയാല്‍ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യൻ ക്രിക്കറ്റില്‍ നിര്‍ണായക സ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ശ്രേയസ് പിന്നാലെ ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി.

ശ്രേയസിന് കാര്യമായ പരിക്കില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാൻ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും ശ്രേയസ് തയാറായില്ല. പിന്നാലെ ഇഷാന്‍ കിഷനൊപ്പം ശ്രേയസിനെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. അതിനൊപ്പം ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും ഗുഡ് ബുക്കില്‍ നിന്നും ശ്രേയസ് പുറത്തായി.

Latest Videos

ലോകകപ്പിനുശേഷം ഇന്ത്യൻ ടീം അടിമുടി മാറും, സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 7 ഐപിഎൽ താരങ്ങൾ അരങ്ങേറ്റത്തിന്

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിന് പ്രാമുഖ്യം നല്‍കുന്ന താരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിന്നാലെ ബിസിസിഐ താക്കീത് നല്‍കിയിരുന്നു. ബിസിസിഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈക്കായി കളിച്ചെങ്കിലും പിന്നീട് ശ്രേയസിനെ ഇന്ത്യൻ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്‍മാരാക്കിയതിലൂടെ ശ്രേയസ് വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ശ്രേയസിനെ ഭാവി ഇന്ത്യന്‍ നായകനെന്ന് വരെ മുന്‍ താരങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കിതിന് പിന്നില്‍ ശ്രേയസിനൊപ്പം തന്നെ നിര്‍ണായക പങ്കുവഹിച്ചത് ടീമിന്‍റെ മെന്‍ററായിരുന്ന ഗൗതം ഗംഭീറായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി വന്നാല്‍ ശ്രേയസിന്‍റെ കരിയറിന് അത് പുതുജീവന്‍ നല്‍കുമെന്നാണ് കരുതുന്നത്. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകള്‍ വേണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുമ്പാകെ വെച്ച നിര്‍ദേശം. ഈ സാഹചര്യത്തില്‍ ശ്രേയസ് ഏകദിന ടീമിന്‍റെ നായകനായി തിരിച്ചെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

2 ഗ്രൂപ്പുകളിലായി ആകെ 8 ടീമുകൾ, സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; അമേരിക്കയുടെ എതിരാളികൾ ദക്ഷിണാഫ്രിക്ക

ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 351 റണ്‍സടിച്ച ശ്രേയസ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പിന് പിന്നാലെ ജൂലൈയില്‍ സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയോടെയാകും ഗംഭീര്‍ ഇന്ത്യൻ പരീശിലകനായി എത്തുക എന്നാണ് കരുതുന്നത്. പരിശീലകനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ബിസിസിഐ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!