ടീമിന് 125 കോടി! കാന്‍സര്‍ ബാധിതനായ മുന്‍ താരത്തിന്‍റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സന്ദീപ് പാട്ടീല്‍

By Web TeamFirst Published Jul 3, 2024, 12:47 PM IST
Highlights

ആശുപത്രിയിലെത്തി കണ്ടപ്പോള്‍ ചികിത്സയ്ക്കുള്ള പണം കുറവാണെന്ന് ഗെയ്ക്വാദ് പറഞ്ഞുവെന്ന് സന്ദീപ് പാട്ടില്‍ വെളിപ്പെടുത്തി.

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐയോട് കാന്‍സര്‍ ബാധിതനായി പ്രയാസപ്പെടുന്ന ഇന്ത്യയുടെ മുന്‍താരവും പരിശീലകനുമായ അന്‍ഷുമന്‍ ഗെയ്ക്‌വാദിനെ സഹായിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്‌സാര്‍ക്കര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍ താരങ്ങളാണ് ഗെയ്ക്‌വാദിനെ സഹായിക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടത്. രക്താബുദം ബാധിച്ച് ലണ്ടനിലെ കിങ്‌സ് കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ 71കാരനായ ഗെയ്ക്‌വാദ്.

ആശുപത്രിയിലെത്തി കണ്ടപ്പോള്‍ ചികിത്സയ്ക്കുള്ള പണം കുറവാണെന്ന് ഗെയ്ക്വാദ് പറഞ്ഞുവെന്ന് സന്ദീപ് പാട്ടില്‍ വെളിപ്പെടുത്തി. 1975 മുതല്‍ 1987 വരെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ അന്‍ഷുമന്‍ ഗെയ്ക്‌വാദ് 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടുതവണ ഇന്ത്യന്‍ പരിശീലകനുമായിരുന്നു. 

ലോകകപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ദില്ലിയില്‍! ഒരുക്കുന്നത് ഗംഭീര സ്വീകരണം; പരിശീലകനെ ഉടനറിയാം

അതേസമയം, ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ നിന്ന് ഇന്നുതന്നെ യാത്രതിരിക്കും. താരങ്ങളെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ബസ് ഹോട്ടലില്‍ എത്തിയിട്ടുണ്ട്. നാളെ രാവിലെ അഞ്ച് മണിയോടെ രോഹിതും സംഘവും ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്ത പുലര്‍ച്ചെ പുറപ്പെട്ട് വൈകിട്ട് ഏഴേ മുക്കാലോടെ ടീം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര വൈകാന്‍ കാരണമായത്. 

പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഇതേസമയം സിംബാബ്‌വേ പര്യടനത്തിനുളള ഇന്ത്യന്‍ ടീം ഹരാരെയില്‍ എത്തി.

tags
click me!