പോരാട്ടത്തിന് ശേഷമുള്ള വിശ്രമമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഈ ചിത്രം.
ബാര്‍ബഡോസ്: സോഷ്യല്‍ മീഡിയയിലെ തന്റെ വൈറല്‍ ചിത്രത്തെ പറ്റി മനസുതുറന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കിരീടം നേടിയ ശേഷം ബാര്‍ബഡോസിലെ മണ്ണില്‍ കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് രോഹിതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. കപ്പ് നേടിയപ്പോള്‍ മുതല്‍ ഹാപ്പിയാണ് രോഹിത്. കയ്യില്‍ കിരീടം കിട്ടയത് മുതല്‍ ആര്‍മാദം. ഓടി നടക്കുന്നു. കരയുന്നു. വിരാട് കോലിയെ കെട്ടിപ്പിടിക്കുന്നു. ഹര്‍ദിക് പാണ്ഡ്യക്കൊരുമ്മ കൊടുക്കുന്നു. കുട്ടിയെ തോളിലേറ്റുന്നു.പിന്നെ എല്ലാം മറന്നിങ്ങിനെ ബാര്‍ബഡോസിന്റെ മണ്ണില്‍ നെടുവീര്‍പ്പെടുന്നു.
പോരാട്ടത്തിന് ശേഷമുള്ള വിശ്രമമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഈ ചിത്രം. ഹിറ്റ്മാന്‍ ഹിറ്റ്‌ചൈല്‍ഡ് ആയെന്ന് ആരാധകര്‍ അടക്കം പറയുമ്പോഴേക്കും ചിത്രത്തെ പറ്റി രോഹിതിന്റെ പ്രതികരണമെത്തി. 'ഈ നിമിഷത്തെ പറ്റി പറയാന്‍ വാക്കുകളില്ല, എന്റെ വികാരമെല്ലാം ഈ ചിത്രത്തിലുണ്ട്.' ഇതായിരുന്നു രോഹിതിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. കിരീടവുമായി ഉറക്കമുണരുന്ന ചിത്രവും രോഹിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പോസ്റ്റ് വായിക്കാം...
undefined
അതേസമയം, ബാര്‍ബഡോസില്‍ തുടരുകയാണ് ഇന്ത്യന്‍ ടീം. ശക്തമായ മഴയും ചുഴലിക്കാറ്റും കാരണമാണ് വിമാനയാത്ര വൈകുന്നത്. താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ ചുരുങ്ങി ജീവനക്കാരുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴിയ ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്.
കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ബാര്‍ബഡോസില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉള്‍പ്പടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതേസമയം ചാംപ്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.