99ല്‍ വീണു, പന്തിന് സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല, നിരാശ! ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം

By Web TeamFirst Published Oct 19, 2024, 3:25 PM IST
Highlights

സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ റിഷഭ് പന്ത് 99ന് പുറത്ത്. നേരത്തെ സര്‍ഫറാസ് ഖാന്‍ (150) സെഞ്ചുറി നേടി പുറത്തായിരുന്നു. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പന്തിനെ വില്യം ഒറൗര്‍ക്കെ ബൗള്‍ഡാക്കുകയായിരുന്നു. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മഴയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഇപ്പോള്‍ 78 റണ്‍സ് ലീഡായി ടീമിന്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്‌സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ 150 പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. പിന്നാലെ റിഷഭ് പന്ത് മടങ്ങി. 105 പന്തുകള്‍ മാത്രം നേരിട്ട റിഷഭ് അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം സെഞ്ചുറിയാണ് പന്തിന് നഷ്ടമായത്. പന്ത് - സര്‍ഫറാസ് സഖ്യം 177 റണ്‍സ് കൂട്ടിചേര്‍ത്തു.

Latest Videos

രഞ്ജിയിലും സഞ്ജുവിന് ഗംഭീര തുടക്കം, ആഘോഷിച്ച് സോഷ്യല്‍ മീഡിയ! റിഷഭിനൊപ്പം ടെസ്റ്റ് കളിപ്പിക്കണമെന്നും ആരാധകര്‍

ഇരുവര്‍ക്കും പുറമെ വിരാട് കോലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. മൂന്നാം ദിവസത്തെ അവസാന പന്തിലാണ് കോലി മടങ്ങുന്നത്. ഫിലിപ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി. നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്നതാണ് ബെംഗളൂരുവില്‍ കണ്ടത്. 

നേരത്തെ, രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 46 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

tags
click me!