ഫഖറിനെ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് പാക് ക്യാപ്റ്റന്‍ റിസ്വാന്‍.
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചത്. അതില്‍ ശ്രദ്ധേയമായ ഒരു കാര്യം ടീമില്‍ ഫഖര്‍ സമാന്‍ ഇല്ലെന്നായിരുന്നു. മാത്രമല്ല, താരത്തെ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കുകയും ചെയ്തു. മുഹമ്മദ് റിസ്വാന്റെ പാകിസ്ഥാന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫഖര്‍ സമാനെ ടീമില്‍ നിന്നും കരാറില്‍ നിന്നും ഒഴിവാക്കിയത്. കടുത്ത വിവാദങ്ങള്‍ക്ക് വഴിവച്ചു.
ഇപ്പോള്‍ ഫഖറിനെ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് പാക് ക്യാപ്റ്റന്‍ റിസ്വാന്‍. ചില കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നാണ് താരം പറയുന്നത്. റിസ്വാന്റെ വാക്കുകള്‍... ''ഫഖര്‍ മത്സരത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ഏത് സാഹചര്യത്തിലും ഒറ്റയ്ക്ക് ഗെയിം മാറ്റാന്‍ കഴിയുന്ന സ്വാധീനമുള്ള താരമാണ് അദ്ദേഹം. എന്നാല്‍ ചില തീരുമാനങ്ങള്‍ എന്റെ നിയന്ത്രണത്തിന് അപ്പുറത്താണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഉടന്‍ ടീമിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ശ്രദ്ധ എപ്പോഴും പാക്കിസ്ഥാനുവേണ്ടി കളിക്കുന്നതിലാണ്. വ്യക്തിഗത സ്ഥാനങ്ങളിലല്ല. മുഖ്യ പരിശീലകനായി ആരെ തിരഞ്ഞെടുത്താലും, ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.'' റിസ്വാന്‍ പറഞ്ഞു.
നേരത്തെ, അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം കോച്ച് ഗാരി കിര്‍സ്റ്റണ്‍ രാജിവച്ചിരുന്നു. പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള പാകിസ്ഥാന്‍ ടീമിന്റെ കോച്ചായി ജേസണ്‍ ഗില്ലസ്പി ചുമതലയേറ്റെടുക്കും. ഏകദിനത്തിലും ടി20യിലും അദ്ദേഹം സഹകരിക്കും. നവംബര്‍ 4നാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനം.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും റിസ്വാന്‍ നേരത്തെ സംസാരിച്ചിരുന്നു. പാകിസ്ഥാനികള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സ്‌നേഹിക്കുന്നുവെന്നാണ് റിസ്വാന്‍ പറയുന്നത്. റിസ്വാന്റെ വാക്കുകള്‍... ''ഇവിടെയുള്ള ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കുന്നത് കാണുമ്പോള്‍ അവര്‍ ആവേശത്തിലാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ വന്നാല്‍, ഞങ്ങള്‍ അവര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കും.'' റിസ്വാന്‍ പറഞ്ഞു.