വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

By Asianet News Webstory  |  First Published Nov 6, 2024, 4:18 PM IST

ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമതായപ്പോള്‍ ജോ റൂട്ട് ഒന്നാമതും കെയ്ന്‍ വില്യംസൺ രണ്ടാമതും ഹാരി ബ്രൂക്ക് മൂന്നാമതുമാണ്.


ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ താരം വിരാട് കോലിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കോലിയും രോഹിത്തും ആദ്യ 20ല്‍ നിന്ന് പുറത്തായി. വിരാട് കോലി എട്ട് സ്ഥാനങ്ങള്‍ നഷ്ടമാക്കി 22-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് രണ്ട് സ്ഥാനങ്ങള്‍ നഷ്ടമാക്കി 26-മതാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനമാണ് കോലിക്കും രോഹിത്തിനും തിരിച്ചടിയായത്.

അതേസമയം, റിഷഭ് പന്തും ശുഭ്മാൻ ഗില്ലുമാണ് ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടം കൊയ്ത രണ്ട് താരങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് അഞ്ച് സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തെത്തി. ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമതായപ്പോള്‍ ജോ റൂട്ട് ഒന്നാമതും കെയ്ന്‍ വില്യംസൺ രണ്ടാമതും ഹാരി ബ്രൂക്ക് മൂന്നാമതുമാണ്.

Latest Videos

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര: പ്രവചനവുമായി റിക്കി പോണ്ടിംഗ്; ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവി

ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചലാണ് നേട്ടം കൊയ്ത മറ്റൊരു താരം. മിച്ചല്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ടെസ്റ്റ് ബൗളിംഗില്‍ റാങ്കിംഗില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒരു സ്ഥാനം നഷ്ടമാക്കി അഞ്ചാം സ്ഥാനത്തായപ്പോള്‍ മുംബൈ ടെസ്റ്റില്‍ 10 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അശ്വിന് തൊട്ടു പിന്നില്‍ ആറാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്ര മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹേസല്‍വുഡ് രണ്ടാമതും കാഗിസോ റബാഡ ഒന്നാം സ്ഥാനത്തുമാണ്. മുംബൈ ടെസ്റ്റില്‍ 12 വിക്കറ്റെടുത്ത അജാസ് പട്ടേല്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ാം സ്ഥാനത്തെത്തി.

Major shake-up in the top 10 of the ICC Men's Test Player Rankings across the board after and series 🔥 | Details ⬇https://t.co/2XzsyYtCVp

— ICC (@ICC)

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. അക്സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!