കോലിയും രോഹിത്തും സൂര്യകുമാറുമല്ല; ട്വന്‍റി 20 ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ച് പീറ്റേഴ്‌സണ്‍

By Jomit Jose  |  First Published Oct 22, 2022, 12:14 PM IST

സമീപകാലത്ത് ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ബാറ്ററുടെ പേരാണ് കെപി പറയുന്നത്


സിഡ്‌നി: ട്വന്‍റി 20 ലോകകപ്പില്‍ കഴിഞ്ഞ തവണ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമായിരുന്നു ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. രണ്ടാമത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും. ഇക്കുറി ഒരു ഇന്ത്യന്‍ താരമാകും ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്നാണ് ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണിന്‍റെ പ്രവചനം. എന്നാലത് നായകന്‍ രോഹിത് ശര്‍മ്മയും കിംഗ് കോലിയുമല്ല. സമീപകാലത്ത് ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ബാറ്ററുടെ പേരാണ് കെപി പറയുന്നത്.  

'എന്‍റെ കാഴ്ച്പപാടില്‍ കെ എല്‍ രാഹുല്‍ നിലവിലെ നമ്പര്‍ 1 ബാറ്ററാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഞാനിഷ്‌ടപ്പെടുന്നു. വളരെ മികച്ച താരമാണ്. ഓസ്ട്രേലിയയില്‍ പന്ത് ബൗണ്‍സ് ചെയ്യുകയും സ്വിങ് ചെയ്യുകയും വേഗം കൂടുകയും ചെയ്യുമ്പോള്‍ കെ എല്‍ രാഹുലിന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും റണ്‍സ് കണ്ടെത്താനുമാകും എന്നാണ് പ്രതീക്ഷ'- കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. യുഎഇ വേദിയായ കഴിഞ്ഞ ലോകകപ്പില്‍ ബാബര്‍ ആറ് മത്സരങ്ങളില്‍ 303 ഉം വാര്‍ണര്‍ ഏഴ് മത്സരങ്ങളില്‍ 289 റണ്‍സുമാണ് നേടിയത്. 

Latest Videos

undefined

ഇംഗ്ലണ്ട് ഫേവറേറ്റുകള്‍ 

ഇംഗ്ലണ്ടിന്‍റെ വൈറ്റ്-ബോള്‍ ടീം വിസ്‌മയമാണ്. ക്രിക്കറ്റിന്‍റെ സമഗ്രമേഖലകളിലും മുന്നിട്ടുനില്‍ക്കുന്നു. അവരാണ് ട്വന്‍റി 20 ലോകകപ്പിലെ ഫേവറേറ്റുകള്‍. പാകിസ്ഥാനില്‍ മികച്ച വിജയമാണ് നേടിയത്. ഓസ്ട്രേലിയയിലെ വാംഅപ് മത്സരങ്ങള്‍ കളിച്ച രീതിയില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. ലോകകപ്പിന് ഏറ്റവും ഉചിതമായ തയ്യാറെടുപ്പായി ഇത്. ജേസന്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തതില്‍ പ്രശ്‌നമില്ല. ഫില്‍ സാള്‍ട്ടും അലക്‌സ് ഹെയ്‌ല്‍സും കളിക്കുന്നു. ഡേവിഡ് മലാനുമുണ്ട്. ജോസ് ബട്‌ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയതും റോയിയെ ഒഴിവാക്കിയ തീരുമാനം ശരിവെക്കുന്നുവെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയയാണ് ട്വന്‍റി 20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ ഇന്ത്യക്ക് സൂപ്പര്‍-12 കടക്കാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ടീം ഇന്ത്യ തുടങ്ങിയത്. ഇക്കുറി മെല്‍ബണില്‍ ഞായറാഴ്‌ചയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ തന്നെയാണ് എതിരാളികള്‍. ഇന്ന് ഇംഗ്ലണ്ട് അഫ്‌ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. പെർത്തിൽ വൈകീട്ട് നാലരയ്ക്കാണ് മത്സരം ആരംഭിക്കുക. 

ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണി; ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ്മ

click me!