സര്‍ഫറാസിന് സെഞ്ചുറി, രഹാനെ നൂറിനരികെ വീണു! ഇറാനി ട്രോഫിയില്‍ മുംബൈ മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Oct 2, 2024, 1:20 PM IST
Highlights

നാലിന് 237 എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് രഹാനെ ആദ്യം മടങ്ങി.

ലഖ്‌നൗ: ഇറാനി ട്രോഫിയില്‍ മുംബൈ താരം സര്‍ഫറാസ് ഖാന് സെഞ്ചുറി. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ബാറ്റിംഗ് തുടരുന്നു മുംബൈ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെടുത്തിട്ടുണ്ട്. 121 റണ്‍സുമായി സര്‍ഫറാസ് ക്രീസിലുണ്ട്. തനുഷ് കൊടിയാന്‍ (29) കൂട്ടിനുണ്ട്. അതേസമയം, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് (97) മൂന്ന് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. റെസ്റ്റ്  ഓഫ് ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. യഷ് ദയാലിന് രണ്ട് വിക്കറ്റുണ്ട്. 

നാലിന് 237 എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് രഹാനെ ആദ്യം മടങ്ങി. ദയാലിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്ലൗസില്‍ ഉരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളിലേക്ക്. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. സര്‍ഫറാസിനൊപ്പം 131 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മുംബൈ ക്യാപ്റ്റന് സാധിച്ചിരുന്നു. പിന്നാലെയെത്തിയ ഷംസ് മുലാനിക്ക് (5) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 

Latest Videos

ഇതിനിടെ സര്‍ഫറാസ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 183 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 16 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. നേരത്തെ, ശ്രേയസ് അയ്യര്‍ 57 റണ്‍സെടുത്ത് പുറത്തായിരുന്നു. മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. ഓപ്പണര്‍മാരായ പൃഥ്വി ഷാ (4), ആയുഷ് മാത്രെ (19), ഹാര്‍ദിക് തമോറെ (0) എന്നിവര്‍ പുറത്തായി. മുകേഷ് കുമാറാണ് മൂവരേയും മടക്കിയത്. പിന്നീട് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ - ശ്രേയസ് അയ്യര്‍ സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി യഷ് ദയാല്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 84 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്സും ആറും ഫോറും നേടി. ശ്രേയസ് മടങ്ങിയെങ്കിലും സര്‍ഫറാസിനെ കൂട്ടിപിടിച്ച രഹാനെ, മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു.

മുംബൈ: പൃഥ്വി ഷാ, ആയുഷ് മാത്രെ, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഹാര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), ശാര്‍ദുല്‍ താക്കൂര്‍, ഷംസ് മുലാനി, തനുഷ് കൊടിയന്‍, മോഹിത് അവസ്തി, എം ജുനെദ് ഖാന്‍.

റെസ്റ്റ് ഓഫ് ഇന്ത്യ: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സരന്‍ഷ് ജെയിന്‍, യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.
 

click me!