31 പന്തില്‍ പുറത്താവാതെ 66 റണ്‍സുമായി അശുതോഷ് കളിയിലെ താരമായപ്പോള്‍ ഇന്‍വിസിബിളായ ഒരു വിജയശില്‍പി ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്
വിശാഖപട്ടണം: ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അമ്പരപ്പിച്ചിരിക്കുകയാണ് അശുതോഷ് ശര്‍മ്മ. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നെങ്കില്‍ ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സിനായാണെന്ന വ്യത്യാസം മാത്രം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 210 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തും ഒരു വിക്കറ്റും ബാക്കിനില്‍ക്കേ അശുതോഷ് ഫിനിഷിംഗില്‍ ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. 31 പന്തില്‍ പുറത്താവാതെ 66 റണ്‍സുമായി അശുതോഷ് കളിയിലെ താരമായപ്പോള്‍ ഇന്‍വിസിബിളായ ഒരു വിജയശില്‍പി ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്.
വിശാഖപട്ടണത്ത് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 30 പന്തില്‍ 75 റണ്‍സ് നേടിയ നിക്കോളാസ് പുരാന്‍റെയും 36 ബോളുകളില്‍ 72 അടിച്ച മിച്ചല്‍ മാര്‍ഷിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 8 വിക്കറ്റിന് 209 എന്ന സ്കോറിലെത്തി. 230 ഉം കടന്ന് പോകേണ്ടിയിരുന്ന ലഖ്നൗ സ്കോറിന് വിലങ്ങുതടിയായത് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഉള്‍പ്പടെ മധ്യനിരയുടെ പരാജയം. പന്ത് നേടിയത് 6 പന്തില്‍ 0.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ 7 റണ്‍സിന് മൂന്നും 65 റണ്‍സിന് 5 ഉം വിക്കറ്റ് വീണ് ഡല്‍ഹി ക്യാപിറ്റല്‍സ് വൈശാഖില്‍ കനത്ത തോല്‍വി മണത്തതാണ്. 22 പന്തില്‍ 34 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സിനെ വീഴ്ത്തി ലഖ്നൗ ജയം ഉറപ്പിച്ചതുമാണ്. എന്നാല്‍ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിപ്രജ് നിഗം എല്ലാവരെയും ഞെട്ടിച്ചു. നേരത്തെ, ബൗളിംഗില്‍ രണ്ടോവറില്‍ 35 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നറാണ് വിപ്രജ്. അശുതോഷ് ശര്‍മ്മയെ കാഴ്ചക്കാരനാക്കി, ഐപിഎല്‍ അരങ്ങേറ്റത്തില്‍ വിപ്രജ് തകര്‍ത്താടി. കന്നി ഐപിഎല്‍ അങ്കത്തിന്‍റെ യാതൊരു സങ്കോചവുമില്ലാതെ 15 ബോളുകളില്‍ 5 ഫോറും 2 സിക്സും സഹിതം 39 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 260. ഇതോടെയാണ് ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരുന്നതും അവിടുന്നങ്ങോട്ട് ഫിനിഷിംഗിന്‍റെ ഉത്തരവാദിത്തം അശുതോഷ് ശര്‍മ്മ ഏറ്റെടുക്കുന്നതും. അതായത് ഡല്‍ഹി ക്യാപ്റ്റല്‍സിന്‍റെ ഒരു വിക്കറ്റ് ത്രില്ലര്‍ ജയത്തിലെ ഇന്‍വിസിബിള്‍ ഹീറോയാണ് വിപ്രജ് നിഗം.
ആരാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പുത്തന്‍ താരോദയം വിപ്രജ് നിഗം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരമാണ് വിപ്രജ്. വയസ് 20 മാത്രം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് വിപ്രജ് നിഗത്തെ ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ലഖ്നൗവിനെതിരെ ബാറ്ററായാണ് വിപ്രജ് ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ മറ്റൊരു കഥ കൂടിയുണ്ട് അയാള്‍ക്ക്. 2025 യുപി ടി20 ലീഗില്‍, യുപി ഫാല്‍ക്കണ്‍സിനായി 12 മത്സരങ്ങളില്‍ 11.15 സ്ട്രൈക്ക് റേറ്റിലും 7.45 ഇക്കോണമിയിലും 20 വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നറാണ് വിപ്രജ്. ഈ സീസണോടെ ഉത്തര്‍പ്രദേശിനായി എല്ലാ ഫോര്‍മാറ്റിലും താരം അരങ്ങേറ്റം കുറിച്ചു. അണ്ടര്‍ 19 തലത്തിന് മുമ്പ് വിപ്രജ് സ്പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു. എന്നാല്‍ പിന്നീട് ലെഗ് സ്പിന്നറായി കളംമാറി. എന്നാല്‍ ബാറ്റിംഗിലുള്ള പാടവം വിപ്രജിനെ തുണയ്ക്കുന്നതാണ് ലഖ്നൗവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മത്സരത്തില്‍ കണ്ടത്.
ഇക്കഴിഞ്ഞ മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റില്‍ വിപ്രജ് നിഗം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഴ് ഇക്കോണമിയില്‍ എട്ട് വിക്കറ്റ് വിപ്രജ് പേരിലാക്കി. ആന്ധ്രക്കെതിരെ റിങ്കു സിംഗിനൊപ്പം 8 പന്തില്‍ 27 റണ്ണടിച്ച് ഹിറ്റിംഗ് പാടവം തെളിയിക്കുകയും ചെയ്തു. ഇപ്പോള്‍ ഐപിഎല്ലില്‍ മറ്റൊരു താരം കൂടി ഉദയം ചെയ്തിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം