ഗൗരിയെ കൊന്നശേഷം രാവിലെ വരെ മൃതദേഹത്തോട് സംസാരിച്ചെന്ന് രാകേഷ്, ഇരുവർക്കുമുണ്ടാക്കിയ ഭക്ഷണവും അടുക്കളയിൽ

ബംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ച് പൂനെയിലേക്ക് കടന്ന രാകേഷ് അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികെ രാകേഷ് സംസാരിച്ചിരുന്നുവെന്ന് മൊഴി.

rakesh stabbed wife to death and keep speaking to the dead body till the morning and stuffed into suit case

ബംഗളുരു: ബംഗളുരുവിനെ ഞെട്ടിച്ച കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച ശേഷം പൂനെയിലേക്ക് വാഹനം ഓടിച്ച് പോയ പ്രതി രാകേഷ് രാജേന്ദ്ര ഖേദെകർ (26) പിടിയിലായ ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

രാകേഷിന്റെ ഭാര്യ ഗൗരി അനിലിനെ (32) കഴി‌ഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ കൊണ്ടുവെച്ചിരുന്ന വലിയ സ്യൂട്ട്‍കെയിസിനുള്ളിലായിരുന്നു മൃതദേഹം. തലേദിവസം രാത്രി ഗൗരിയെ കൊന്നശേഷം രാവിലെ വരെ താൻ മൃതദേഹത്തിനടുത്തിരുന്ന് അവളോട് സംസാരിച്ചുവെന്നാണ് രാകേഷിന്റെ മൊഴി. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കമുണ്ടായെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

Latest Videos

രാകേഷും ഗൗരിയും ഒരു മാസം മുമ്പാണ് മഹാരാഷ്ട്രയിൽ നിന്ന് ബംഗളുരുവിലെത്തിയത്. ഹിറ്റാച്ചി സിസ്റ്റംസ് ഇന്ത്യയിൽ സീനിയർ പ്രൊജക്ട് കോർഡിനേറ്ററായ രാകേഷ് വർക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തത്. നേരത്തെ മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗൗരി ബംഗളുരുവിലേക്ക് താമസം മാറാനായി ജോലി രാജിവെച്ചു. ബംഗളുരുവിൽ എത്തിയ ശേഷം പല ജോലികൾക്ക് അപേക്ഷിച്ചെങ്കിലും യോജിച്ചതൊന്നും കിട്ടിയില്ല. തനിക്ക് ജോലിയില്ലാത്തതിന് കാരണം രാകേഷ് ആണെന്നും മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകണമെന്നും പറഞ്ഞ് ഗൗരി എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് രാകേഷ് പറ‍ഞ്ഞു.

സംഭവദിവസം രാത്രിയും ഇത് പറഞ്ഞ് വഴക്കായി. ഇതിനിടെ രാകേഷിന് നിയന്ത്രണം നഷ്ടപ്പെട്ട് ഗൗരിയെ തല്ലി. ഇതിന് പകരമായി ഗൗരി അടുക്കളിയിലെ ഒരു കത്തിയെടുത്ത് രാകേഷിനെ എറിഞ്ഞു. ഇതിൽ നിസാര പരിക്കേൽക്കുകയും ചെയ്തു. കുപിതനായ രാകേഷ് പലതവണ കഴുത്തിൽ കുത്തി ഗൗരിയെ കൊന്നു. യുവതി മരിച്ച ശേഷം രാവിലെ വരെ മൃതദേഹത്തിനടുത്തിരുന്ന് അവളോട് സംസാരിച്ചെന്നാണ് രാകേഷ് പൊലീസിനോട് പറഞ്ഞത്.

എന്തിനാണ് തന്നോട് വഴക്കുണ്ടാക്കിയതെന്നു, ജോലി നഷ്ടമായത് താൻ കാരണമാണെന്ന് എന്തിന് പറഞ്ഞുവെന്നും, ബംഗളുരുവിലേക്ക് താമസം മാറിയതിനെ എന്തിന് കുറ്റപ്പെടുത്തിയെന്നും രാവിലെ വരെ മൃതദേഹത്തോട് ചോദിച്ചുകൊണ്ടിരുന്നത്രെ. പിറ്റേന്ന് രാവിലെ ഗൗരിയുടെ മൃതദേഹം സ്യൂട്ട് കെയ്സിലാക്കി ബാത്ത്റൂമിൽ വെച്ചു. ഇത് എന്തിനാണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറ‍ഞ്ഞത്. 12.15ഓടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി തന്റെ ഹോണ്ട സിറ്റി കാറെടുത്ത് പൂനെയിലേക്ക് യാത്ര തിരിച്ചു. വൈകുന്നേരം 5 മണിക്കും 5.15നും ഇടയിലാണ് രാകേഷ് തന്റെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നയാളെ വിളിച്ചത്. 

ഭാര്യ ആത്മഹത്യ ചെയ്തെന്ന് ആദ്യം പറ‍ഞ്ഞ ഇയാൾ വീട്ടിൽ ഒന്ന് പോയി നോക്കണമെന്നും അഭ്യർത്ഥിച്ചു. പിന്നാലെ താൻ തന്നെയാണ് കൊന്നതെന്ന് സമ്മതിച്ചു. താഴത്തെ നിലയിൽ താമസിച്ചിരുന്നയാൾ വീട്ടുടമയെ അറിയിക്കുകയും ഉടമയിൽ നിന്ന് പൊലീസിന് വിവരം കിട്ടുകയുമായിരുന്നു. രാകേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു. 

വഴക്കുണ്ടാക്കുന്നതിന് മുമ്പ് ഗൗരി വീട്ടിൽ ഇരുവർക്കുമായി ഭക്ഷണമുണ്ടാക്കിയിരുന്നു. ചോറും കുറുമയും അടുക്കളയിലുണ്ടായിരുന്നു. കൊലപാതക ശേഷം രാകേഷ് ഭക്ഷണമൊന്നും കഴിച്ചില്ല. പൂനെയിലേക്ക് പോകുന്ന വഴിക്ക് കീഴടങ്ങാൻ ശ്രമിക്കുന്നതിന് മുമ്പ് ഇയാൾ ഫിനൈൽ കുടിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. എന്നാൽ പൊലീസ് ഇയാളെ തക്ക സമയത്ത് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. രാകേഷിന്റെ ആരോഗ്യനില തൃപ്തികരമായി ക്ലിയറൻസ് വാങ്ങിയ ശേഷം ബംഗളുരുവിലേക്ക് കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. ഗൗരിയുടെ കുടുംബാംഗങ്ങളും ബംഗളുരുവിൽ എത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!