തകർച്ചയിൽ നിന്ന് പൊരുതിക്കയറി മുംബൈ, നൂർ അഹമ്മദിന് 4 വിക്കറ്റ്; ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം

നാല് വിക്കറ്റുകൾ സ്വന്തമാക്കിയ നൂർ അഹമ്മദാണ് മത്സരത്തിൽ ചെന്നൈയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. 

IPL 2025 Chennai Super Kings vs Mumbai Indians live score card

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യസ് സൂപ്പർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനെ സാധിച്ചുള്ളൂ. 31 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ.

ഒന്നാം ഇന്നിംഗ്സ് പവർ പ്ലേയിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയും (0) റയാൻ റിക്കെൽട്ടനും (13) വിൽ ജാക്സും (11) തിളങ്ങനാകാതെ മടങ്ങിയതോടെ മുംബൈ അപകടം മണത്തു. പിന്നീട് ക്രീസിൽ ഒന്നിച്ച നായകൻ സൂര്യകുമാർ യാദവും യുവതാരം തിലക് വർമ്മയും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ സൂര്യകുമാർ യാദവ് നൽകിയ ഒരു റിട്ടേൺ ക്യാച്ച് അശ്വിൻ നഷ്ടപ്പെടുത്തുകയും ചെയ്തു. 

Latest Videos

ഓപ്പണിംഗ് സ്പെൽ ഗംഭീരമാക്കിയ ഖലീൽ അഹമ്മദാണ് ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ മേൽക്കൈ നൽകിയത്. ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ അപകടകാരിയായ രോഹിത് ശർമ്മയെ റൺസ് നേടും മുമ്പെ ഖലീൽ പുറത്താക്കി. മൂന്നാം ഓവറിൽ റിയാൻ റിക്കെൽട്ടനെയും മടക്കിയയച്ച് ഖലീൽ ആധിപത്യം ഉറപ്പിച്ചു. പിന്നീട് സ്പിന്നർമാരെ ഇറക്കിയാണ് ചെന്നൈ പതിവ് പരീക്ഷണം നടത്തിയത്. ഇത് വിജയിക്കുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനും നൂർ അഹമ്മദും മുംബൈ ബാറ്റർമാരെ വട്ടംകറക്കി. 

നൂർ അഹമ്മദിന്റെ പന്തിൽ സൂര്യകുമാർ യാദവിനെ (29) മിന്നൽ സ്റ്റംപിങ്ങിലൂടെ പുറത്താക്കി മഹേന്ദ്ര സിംഗ് ധോണി പ്രായം തന്റെ പ്രതിഭയെ ബാധിച്ചിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. നിലയുറപ്പിച്ച് തുടങ്ങിയ തിലക് വർമ്മയെയും (25 പന്തിൽ 31) റോബിൻ മിൻസിനെയും നമാൻ ധിറിനെയും നൂർ അഹമ്മദ് കൂടാരം കയറ്റി. വിൽ ജാക്സിന്റെ വിക്കറ്റ് അശ്വിനാണ് വീഴ്ത്തിയത്. കൃത്യമായ ഇടവേളകളിൽ മുംബൈയുടെ വിക്കറ്റുകൾ വീഴ്ത്താനായതോടെ ചെന്നൈ മത്സരം നിയന്ത്രണത്തിലാക്കി. സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈ ഇന്നിംഗ്സിൽ നിർണായകമായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദീപക് ചഹറിന്റെ പ്രകടനമാണ് മുംബൈയ്ക്ക് പൊരുതാനാകുന്ന സ്കോർ സമ്മാനിച്ചത്. 15 പന്തുകൾ നേരിട്ട ചഹർ രണ്ട് സിക്സറുകളും രണ്ട് ബൌണ്ടറികളും സഹിതം 28 റൺസ് നേടി പുറത്താകാതെ നിന്നു. 

READ MORE: പവർ പ്ലേയിൽ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോർഡ്

vuukle one pixel image
click me!