വൈകിട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം
മുംബൈ: ഐപിഎല്ലിൽ (IPL 2022) ഇന്ന് ഇന്ത്യന്‍ യുവനായകന്‍മാരുടെ പോരാട്ടമാണ് (RR vs KKR). സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) എതിരാളികള്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് (Kolkata Knight Riders). സീസണിലെ നാലാം ജയം തേടി ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ പഴയ കണക്കുകള്‍ ഒന്ന് പരിശോധിക്കാം.
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളില്‍ നേരിയ മുൻതൂക്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനുണ്ട്. ഇരു ടീമുകളും മുഖാമുഖം വന്ന 25 പോരാട്ടങ്ങളില്‍ 13 കളികളിൽ കൊൽക്കത്തയും 11 തവണ രാജസ്ഥാനും ജയിച്ചു. ഇന്ത്യയില്‍ വച്ചുനടന്ന 19 മത്സരങ്ങളില്‍ പത്ത് ജയവും കെകെആറിനായിരുന്നു. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍റെ ശരാശരി സ്‌കോര്‍ 146 ആണെങ്കില്‍ കൊല്‍ക്കത്തയുടേത് 149. അവസാനം ഏറ്റുമുട്ടിയ അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചു. കഴിഞ്ഞ സീസണിലെ ഇരു മത്സരങ്ങളില്‍ ഓരോ ജയം വീതം ടീമുകള്‍ പങ്കിട്ടു.
മലയാളിപ്പോര് രാത്രി
undefined
വൈകിട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. മികച്ച തുടക്കം കിട്ടിയെങ്കിലും ഡൽഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റ കൊൽക്കത്ത തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആന്ദ്രേ റസൽ ഒഴികെയുള്ള ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ പ്രധാന പ്രശ്നം. 179 റൺസെടുത്ത റസലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. നായകൻ ശ്രേയസ് അയ്യർ നേടിയത് ഒരേയൊരു അർധ സെഞ്ചുറി മാത്രം. വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ് എന്നിവർ ഫോമിലേക്ക് തിരിച്ചെത്തിയാൽ മികച്ച സ്കോറിലെത്താം.
ബൗളിംഗിലും ആന്ദ്രേ റസലിനെ കൊൽക്കത്തയ്ക്ക് ഏറെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്‍റെ വിക്കറ്റ് വേട്ടക്കാരനായ വരുൺ ചക്രവർത്തി ഇത്തവണ നേടിയത് വെറും നാല് വിക്കറ്റ് മാത്രം. പാറ്റ് കമ്മിൻസും സുനിൽ നരെയ്‌നും മികവിലേക്കുയരാത്തതും തിരിച്ചടിയാവുന്നു.
റൺവേട്ടയിൽ മുന്നിലുള്ള ജോസ് ബട്‍ലറും ദേവ്‍ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. സഞ്ജു സാംസണ്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റാസി വാൻഡർ ഡസൻ, റിയാൻ പരാഗ്, ആര്‍ അശ്വിൻ എന്നിങ്ങനെ വാലറ്റംവരെ നീളുന്ന ബാറ്റിംഗ് കരുത്ത് രാജസ്ഥാനുണ്ട്. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള യുസ്‍വേന്ദ്ര ചാഹലാണ് ബൗളിംഗിൽ പ്രതീക്ഷ. ട്രെന്‍റ് ബോൾട്ടിന് പകരം ജിമ്മി നീഷമെത്തിയെങ്കിലും റണ്ണൊഴുക്ക് തടയാനാകാത്തത് ആശങ്കയാണ്.
IPL 2022 : ഐപിഎല്ലില്‍ മലയാളിപ്പോര്, സഞ്ജുവും ശ്രേയസും നേര്‍ക്കുനേര്‍; ഇരു ടീമിനും വെല്ലുവിളികള്‍